സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ ഇന്ത്യന്‍ ഐടി കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായി യുഎസ് കോണ്‍ഗ്രസ് അംഗത്തിന്റെ ആരോപണം, നറുക്കെടുക്കല്‍ സംവിധാനം ഈ വര്‍ഷവും തുടരും. യുഎസ് കോണ്‍ഗ്രസിലെ പ്രമുഖ അംഗമായ ഡാരേല്‍ ഇസ്സയാണ് എച്ച് 1 ബി വിസ സംവിധാനം ഇന്ത്യന്‍ ഐടി കമ്പനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇത്തരം കമ്പനികളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസില്‍ നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്നും വ്യക്തമാക്കിയത്. മികച്ച പ്രതിഭകള്‍ മാത്രം യുഎസിലേക്ക് എത്തിയാല്‍ മതിയെന്നും ഇസ്സ വാദിക്കുന്നു.
നേരത്തെ എച്ച് 1 ബി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചുള്ള നിയമ നിര്‍മ്മാണം അവതരിപ്പിച്ചതിനു പിന്നിലും ഇസ്സയായിരുന്നു. തന്റെ ബില്ലിന് പ്രസിഡന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും സെനറ്റിലും മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാപിറ്റോള്‍ വിസിറ്റര്‍ സെന്ററിലെ അറ്റ്‌ലാന്റിക് കൗണ്‍സിലില്‍ സംസാരിക്കവെ ഇസ്സ വ്യക്തമാക്കി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി എച്ച് 1 ബി വിസയുടെ എണ്ണം ക്രമീകരിക്കണമെന്ന് നോര്‍ത്ത് കരോലിന സെനറ്റര്‍ തോം ടില്ലിസ് കഴിഞ്ഞ ദിവസം സെനറ്റ് സാമ്പത്തിക കമ്മിറ്റി യോഗത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഇസ്സയുടെ ആരോപണം.
അതിനിടെ എച്ച് 1 ബി വീസ അപേക്ഷകരില്‍ യോഗ്യരായവരുടെ എണ്ണം ആകെ നല്‍കാനുദ്ദേശിക്കുന്ന വീസകളുടെ എണ്ണത്തില്‍ കൂടുതല്‍ വരുമ്പോള്‍, നറുക്കെടുക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്ത് രണ്ട് സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജി ഓറിഗന്‍ ഫെഡറല്‍ കോടതി തള്ളി. ജനറല്‍ കാറ്റഗറിയില്‍ 65,000, യുഎസില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടിയ വിദേശ വിദ്യാര്‍ഥികള്‍ക്ക് 20,000 എന്ന കണക്കിലാണ് വീസ നല്‍കുക. എന്നാല്‍ ഇതിനെക്കാള്‍ വളരെ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കാറുണ്ട്. ഹര്‍ജി തള്ളിയതോടെ 2018 സാമ്പത്തിക വര്‍ഷത്തേക്ക് ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന വീസ നടപടി ക്രമങ്ങളില്‍ മാറ്റമുണ്ടാവില്ല.
യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷം അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും വിദഗ്ധ തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തുന്നതിനും വിസ പരിഷ്‌കരണം നിര്‍ദേശിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ചക്ക് ഗ്രാസ്ലി, അസിസ്റ്റന്റ് സെനറ്റ് ന്യൂനപക്ഷ നേതാവ് ഡിക്ക് ഡര്‍ബിന്‍ എന്നിവരായിരുന്നു ‘എച്ച് 1 ബി ആന്‍ഡ് എല്‍ 1 വിസ റിഫോം ആക്ട്’ നിര്‍ദേശിച്ചത്. വിദേശ രാജ്യങ്ങിലെ പ്രഫഷനലുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിനായി അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി വിസ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല