സ്വന്തം ലേഖകന്‍: ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നയത്തെ അട്ടിമറിച്ച് പുതിയ ഉത്തരവുമായി ട്രംപ്, ആഗോള താപനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. കല്‍ക്കരി മേഖലയെ പിന്തുണയ്ക്കുന്ന ഉത്തരവിനെതിരേ പരിസ്ഥിതിവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളല്‍ കുറയ്ക്കുന്ന നയമായിരുന്നു ഒബാമ മുന്നോട്ട് വച്ചത്. അതുകൊണ്ടുതന്നെ കല്‍ക്കരി മേഖലയില്‍ ഒബാമയുടെ കാലത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
യുഎസിലെ തൊഴിലവസരങ്ങള്‍ ഇതുമൂലം വന്‍ തോതില്‍ ഇടിഞ്ഞതായി തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അധികാരത്തിലെത്തിയാല്‍ കല്‍ക്കരി മേഖലയെ പിന്തുണയ്ക്കുമെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ നിറവേറല്‍ കൂടിയാണ് പുതിയ ഉത്തരവ്. ഒബാമയുടെ നയം മൂലം അനേകം ഫാക്ടറികള്‍ അടച്ചുപൂട്ടിയതായി ചൂണ്ടിക്കാട്ടിയ ട്രംപ് നയത്തിലെ മീഥെയിന്‍ പുറന്തള്ളല്‍ നിബന്ധനകള്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹാര്‍ദ നടപടികളും റദ്ദാക്കി.
രാജ്യത്തിന്റെ ഉത്പാദനതൊഴില് മേഖലകളില്‍ വന്‍ കുതിച്ചുചാട്ടം സാധ്യമാക്കുമെന്ന് ഉത്തരവില്‍ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു. രാജ്യം സാമ്പത്തികമായി വളരാന്‍ പോകുന്നുവെന്നും ജോലി ഇല്ലാതാക്കുന്ന നയങ്ങള്‍ അവസാനിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമായിരുന്ന പദ്ധതിയാണ് ട്രംപ് നിര്‍ത്തലാക്കിയത് എന്നതിനാല്‍ ഉടമ്പടിയോടുള്ള യുഎസിന്റെ പ്രതിബദ്ധതതന്നെ ഇതോടെ ചോദ്യം ചെയ്യപ്പെടും.
ചൈനയ്ക്കുശേഷം ഏറ്റവുമധികം ഹരിതഗൃഹവാതകം പുറന്തള്ളുന്ന രാജ്യമാണ് യുഎസ്. 2015 ഓടെ കാര്‍ബണ്‍ നിര്‍ഗമനം 26ശതമാനം കുറയ്ക്കുമെന്നായിരുന്നു 2015ലെ പാരീസ് ഉടമ്പടിയില്‍ യുഎസിന്റെ വാഗ്ദാനം. ഇതേസമയം ട്രംപിന്റെ ഉത്തരവിനെതിരേ കോടതിയെ സമീപിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് ന്യൂയോര്‍ക്ക്, കലിഫോര്‍ണിയ സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല