സ്വന്തം ലേഖകന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക് മരവിപ്പിച്ചത് ദീര്‍ഘിപ്പിച്ച് യുഎസ് കോടതി, ട്രംപിന് വന്‍ തിരിച്ചടി. വിലക്ക് മരവിപ്പിച്ച നടപടി അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ഹവായിലെ ജില്ലാ ജഡ്ജി ഡറിക് വാട്‌സണ്‍ വ്യക്തമാക്കി. മുസ്ലീം വിവേചന നയം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, തീവ്രവാദികളെ യു.എസില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുന്നതിനുള്ളതായിരുന്നു തന്റെ നിര്‍ദേശമെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു. മാര്‍ച്ച് ആറിനാണ് ട്രംപ് വിവാദ ഉത്തരവ് ഇറക്കിയത്. ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കും അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തേക്കുമാണ് വിലക്ക് കൊണ്ടുവന്നത്. ഇതിന്മേല്‍ വിവിധ കോടതികള്‍ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്.
മുസ്‌ളിങ്ങള്‍ക്കെതിരായ വിവേചനമാണ് ട്രംപിന്റെ വിലക്കിന് പിന്നിലുള്ള വിവിധ സംസ്ഥാനങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. ഈ വാദം മുഖവിലക്കെടുത്താണ് കോടതി നടപടി. മേരിലന്‍ഡ്, വാഷിങ്ടണ്‍, ഹവായ് സംസ്ഥാനങ്ങള്‍ ആണ് ട്രംപിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. ആറു സംസ്ഥാനങ്ങള്‍ നേരത്തെയും ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. ട്രംപിന്റെ യാത്രാവിലക്ക് നിലവില്‍വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കോടതി യാത്രാവിലക്ക് വിലക്കിയ നടപടി അനിശ്ചിതകാലത്തേക്ക് നീട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല