1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2017

 

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് തെരേസാ മേയ് യൂറോപ്യന്‍ യൂണിയന് അയച്ച കത്തില്‍ ഭീഷണിയുടെ സ്വരമെന്ന് ആരോപണം. ബ്രെക്‌സിറ്റിനു ശേഷമുള്ള മേഖലയുടെ സാമ്പത്തിക, സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് മേയ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് യൂറോപ്യന്‍ യൂണിയനെ ചൊടിപ്പിച്ചത്. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി വിലപേശലിനാണു മേയുടെ ശ്രമമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.

മേയ് ബ്ലാക്‌മെയിലിംഗ് നടത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ചില ബ്രിട്ടീഷ് നേതാക്കളുടെ പ്രതികരണം. മേയ് ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസമാണ് ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് ബ്രിട്ടീഷ് സ്ഥാനപതി ടിംബാരോ കൈമാറിയത്. സുരക്ഷാ കാര്യങ്ങളില്‍ കരാറുണ്ടാക്കാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ഭീകരതയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരേയുള്ള യോജിച്ച പോരാട്ടത്തെ ബാധിക്കുമെന്ന് തെരേസാ മേയ് പറഞ്ഞതാണു പുലിവാലായത്.

സുരക്ഷാ, വാണിജ്യകാര്യങ്ങള്‍ ഒരേപോലെ പ്രധാനപ്പെട്ടതാണെന്നും എന്നാല്‍ ഒരെണ്ണം ചൂണ്ടിക്കാട്ടി രണ്ടാമത്തേതിന്റെ പേരില്‍ വിലപേശുന്നത് ശരിയല്ലെന്നും യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ബ്രെക്‌സിറ്റ് കോഓര്‍ഡിനേറ്റര്‍ ഗൈ വെര്‍ഹോസ്റ്റാഡ് പ്രതികരിച്ചു. ഇതേസമയം മേ ഭീഷണി മുഴക്കിയെന്ന ആരോപണം ബാലിശമാണെന്ന് ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ് പറഞ്ഞു. വാണിജ്യചര്‍ച്ചയും സുരക്ഷാകാര്യ ചര്‍ച്ചയും വെവ്വേറെയാണ്. ബ്രെക്‌സിറ്റിനുശേഷം സുരക്ഷാ പ്രശ്‌നത്തില്‍ ചര്‍ച്ച ആവശ്യമാണ്. ഭീകരതയ്ക്കും സംഘടിത കുറ്റകൃത്യങ്ങള്‍ക്കും എതിരേ പോരാടുന്നതിനു സഹായിക്കുന്ന യൂറോപ്പോളില്‍(യൂറോപ്യന്‍ പോലീസ് സേന)ബ്രിട്ടനു പങ്കുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍വാങ്ങുന്നതോടെ യൂറോപ്പോള്‍ സംബന്ധിച്ച വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കു പങ്കുവയ്‌ക്കേണ്ട ബാധ്യതയില്ലാതാവും. യൂറോപ്യന്‍ രാജ്യങ്ങളുടെ സുരക്ഷിതത്വത്തിന് ആവശ്യമായ വിവരങ്ങള്‍ യുറോപ്പോളില്‍ സുരക്ഷിതമായി ഏല്‍പ്പിക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്. സുരക്ഷാകാര്യത്തില്‍ ചര്‍ച്ച നടത്തി ഉടമ്പടിയുണ്ടാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നതെന്നും റഡ് വ്യക്തമാക്കി.

സുരക്ഷയും വാണിജ്യവും കൂട്ടിക്കുഴയ്ക്കുന്ന തരത്തിലുള്ള നിര്‍ദേശം ഭീഷണിക്കു തുല്യമാണെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരണ്‍ പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ കരാറുണ്ടാക്കാന്‍ ആയില്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും അതു ഹാനികരമാണെന്നും ഇക്കാര്യത്തില്‍ ഭീഷണിയില്ലെന്നും ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് പറഞ്ഞു. ജനങ്ങളുടെ ജീവന് വിലപറയുന്ന ബ്രിട്ടന്റെ ബ്ലാക്‌മെയില്‍ തന്ത്രം വിലപ്പെവില്ലെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. തീരുമാനത്തില്‍ ബ്രിട്ടണ്‍ ദുഖിക്കുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷന്‍ പറഞ്ഞു.

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് രാജ്യത്തെ ബ്രെക്‌സിറ്റ് അനുകൂലികളുടെ ആവശ്യം. കടുത്ത തീവ്രവാദ ഭീഷണി നേരിടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്റെ നിലപാട് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.