സുജു ജോസഫ്: പുതിയ പ്രവര്‍ത്തന വര്‍ഷത്തിന് തുടക്കം കുറിച്ച് കൊണ്ട് യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ നിര്‍വ്വാഹക സമിതി യോഗം സമാപിച്ചു; കായിക മേള ജൂണ്‍ 10ന്, കലാമേള ഒക്ടോബര്‍ ഏഴിന്. യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ നിര്‍വ്വാഹക സമിതി യോഗം മാര്‍ച്ച് 25 ശനിയാഴ്ച ആന്‍ഡോവറില്‍ നടന്നു. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആന്‍ഡോവറിലെ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന യോഗത്തില്‍ മുഴുവന്‍ ഭാരവാഹികളും പങ്കെടുത്തു.
റീജിയണല്‍ പ്രസിഡണ്ട് വര്‍ഗീസ് ചെറിയാന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന് വൈസ് പ്രസിഡണ്ട് സജിമോന്‍ സേതു സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി എം പി പദ്മരാജ് ആദ്യ യോഗത്തിന്റെ സമഗ്രമായ റിപ്പോര്‍ട് അവതരിപ്പിച്ചു. തുടര്‍ന്ന് 2017ലെ റീജിയണല്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ കമ്മറ്റി ചര്‍ച്ച ചെയ്തു തയ്യാറാക്കി. പ്രസിഡന്റ് വര്‍ഗീസ് ചെറിയാന് നോമിനേറ്റഡ് പോസ്റ്റുകളിലേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് ആര്‍ട്സ് കോര്‍ഡിനേറ്ററായി സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ നിന്നുള്ള ജോ സേവ്യറിനേയും, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ആയി ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന് പ്രസിഡന്റ് അനോജ് ചെറിയാനെയും, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ആയി ന്യൂബറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റ് ജിജു യോവേലിനെയും, നേഴ്സസ് ഫോറം കോര്‍ഡിനേറ്ററായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ലൗലി മാത്യുവിനേയും തിരഞ്ഞെടുത്തു. റീജിയണിന്റെ ചാരിറ്റിയുടെ ചുമതല ട്രഷറര്‍ ജിജി വിക്ടര്‍ക്ക് നല്കി.
ഈ വര്‍ഷത്തെ റീജിയണിന്റെ പ്രധാന പരിപാടികളായ കായികമേള ജൂണ്‍ പത്തിനും കലാമേള ഒക്ടോബര്‍ ഏഴിനും നടത്തുന്നതിന് ധാരണയായി. യുക്മ നേഴ്സസ് ഫോറത്തിന്റെ നേഴ്സസ് കണ്വെന്ഷന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനും റീജിയണില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനമെടുത്തു. യുകെ മലയാളികള്‍ നെഞ്ചിലേറ്റിയ നാഷണല്‍ കമ്മിറ്റിയുടെ ഈ കാലയളവിലെ പ്രഥമ സംരംഭമായ സാന്ത്വനം പദ്ധതിക്ക് കൂടുതല്‍ പിന്തുണ നല്‍കാനും തീരുമാനമായി.
യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് മുന്‍ നാഷണല്‍ ജനറല്‍ സെക്രെട്ടറി സജീഷ് ടോം ദേശീയ എക്സിക്യു്ട്ടീവ് അംഗം ഡോ. ബിജു പെരിങ്ങത്തറ തുടങ്ങിയവര്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങളുമായി യോഗത്തില്‍ സംബന്ധിച്ചു. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന് സെക്രട്ടറി എബിന് ഏലിയാസ് കമ്മിറ്റിക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടു ഒപ്പം ഉണ്ടായിരുന്നു. സൗത്ത് വെസ്റ്റ് റീജിയണല്‍ ജോയിന്റ് സെക്രട്ടറി കോശിയ ജോസ് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല