1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2017

സ്വന്തം ലേഖകന്‍: മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു. വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിക്കെതിരെ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതില്‍ പ്രതിഷേധിച്ചാണ് വിമണ്‍ ജേണലിസ്റ്റ് നെറ്റ്‌വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

സ്ത്രീ മാധ്യമപ്രവര്‍ത്തകരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് നടപടിയെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മാപ്പ് വേണ്ട, മാന്യത മതി, വനിത മാധ്യമ പ്രവര്‍ത്തകയായതില്‍ അഭിമാനിക്കുന്നു, തങ്ങള്‍ മംഗളം അല്ല തുടങ്ങിയ പോസ്റ്ററുകള്‍ കൈയിലേന്തിയായിരുന്നു പ്രകടനം. അതിനിടെ മാധ്യമ പ്രവര്‍ത്തകയെ കരുവാക്കി എ.കെ.ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ മംഗളം ചാനലിനെതിരെയാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകയായതില്‍ അഭിമാനിക്കുന്നു, #proudtobeajournalist എന്ന ഹാഷ് ടാഗ് കാമ്പയിനും തുടക്കമിട്ടു.

ഓപ്പണ്‍ മാഗസിന്‍ അസി.എഡിറ്റര്‍ കെ.കെ.ഷാഹിന, മാതൃഭൂമി ന്യൂസിലെ എ.പി.ഭവിത, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കൃഷ്ണ പ്രിയ തുടങ്ങി നിരവധി പേര്‍ ഇതിനകംതന്നെ ക്യാംപയിനില്‍ പങ്കെടുത്തു കഴിഞ്ഞു. മിസ്റ്റര്‍ അജിത് കുമാര്‍, ആ പെണ്‍കുട്ടിയെ കൊലക്ക് കൊടുത്ത് രക്ഷപ്പെടാമെന്ന് കരുതരുത്. അത് നടക്കാന്‍ പോകുന്നില്ല. തുടക്കക്കാരിയായ ഒരു പെണ്‍കുട്ടിയെ ബലി കൊടുത്ത് ഒരു ചാനല്‍ സാമ്രാജ്യവും നിങ്ങളിവിടെ കെട്ടിപ്പൊക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ സ്ത്രീകളുടെ അതിജീവന സമരമാണിത്. അതിന്റെ ചൂട് നിങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂവെന്നും കെ.കെ.ഷാഹിന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മന്ത്രിയെ ഫോണ്‍കെണിയിലൂടെ വനിതാ മാധ്യമപ്രവര്‍ത്തക കുടുക്കിയതാണെന്നുള?ള ആരോപണം തുടക്കത്തില്‍തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ മംഗളം ചാനല്‍ ഇത് അംഗീകരിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ശശീന്ദ്രനെ കുടുക്കിയത് സ്റ്റിങ് ഓപ്പറേഷന്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ച ചാനല്‍ സിഇഒ അജിത് കുമാര്‍ ശശീന്ദ്രനുമായി സംഭാഷണം നടത്തിയത് വീട്ടമ്മ അല്ലെന്നും ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തകയാണെന്നും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തക സ്വമേധയാ ഏറ്റെടുത്ത ഉത്തരവാദിത്തമാണെന്നു പറഞ്ഞ അജിത് കുമാര്‍ സംഭവത്തില്‍ ചാനല്‍ മാപ്പു പറയുന്നതായി വ്യക്തമാക്കി.

ചാനല്‍ മേധാവിയുടെ കുമ്പസാരത്തിനു പിന്നാലെ സംഭാഷണം പുറത്തു വിട്ട മംഗളം ചാനലിനെതിരെ കേസെടുത്തു. പ്രത്യേക അന്വഷണ സംഘമാണ് ചാനലിനെതിരെ കേസെടുത്തത്. ചാനല്‍ മേധാവിയടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐ.ടി ആക്ട്, ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.