സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് പശുക്കളെ കശാപ്പു ചെയ്യുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്. പശുവിനെ കൊല്ലുന്നതും മാട്ടിറച്ചി കൈയ്യോടെ പിടികൂടുന്നതും ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിക്കൊണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്ത് നിയമം പാസാക്കിയതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി രമണ്‍ സിങ് രംഗത്തെത്തിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ ഗോവധത്തിനെതിരെ ഛത്തീഗഡ് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഇവിടെ പശുവിനെ കശാപ്പുചെയ്യുന്നതായി നിങ്ങള്‍ക്കറിയുമോ, അത്തരത്തിലൊന്ന് ഇവിടെ സംഭവിച്ചിട്ടില്ല,
ഇനി നടന്നാല്‍ കുറ്റക്കാരെ തൂക്കിലേറ്റും. പശു സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം ഛത്തീസ്ഗഢാണെന്നും രമണ്‍ സിങ് പറഞ്ഞു. ഗുജറാത്തില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും പശുവിനെ കടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും നല്കുന്ന നിയമം കഴിഞ്ഞ ദിവസം പാസാക്കിയതിന് പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ 2011 ല്‍ ഗോവധ നിരോധനവുമായി ബന്ധപ്പെട്ടു നടപ്പാക്കിയ നിയമത്തിലാണ് ഭേദഗതി വരുത്തി ഗോവധം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാക്കിയത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നിയമ വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകളും ഇറച്ചിക്കടകളും അടച്ചുപൂട്ടിച്ചത് വാര്‍ത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല