സ്വന്തം ലേഖകന്‍: ‘എവിടെയായിരുന്നു ഇത്രയും നാള്?’ ആര്‍ക്കും അറിയാത്ത സ്വകാര്യ ദുഃഖം പങ്കുവച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. കല്യാണം കഴിഞ്ഞതോടെ ക്രിക്കറ്റിനെ മറന്നു എന്ന ആരോപണം നേരിടുന്ന ക്രിക്കറ്റ് താരം സുരേഷ് റെയ്ന തന്റെ മേലുള്ള ആരോപണങ്ങള്‍ അനാവശ്യമാണെന്ന് ഇതാദ്യമായി വ്യക്തമാക്കി. തന്റെ മകള്‍ക്ക് അസുഖമായിരുന്നതിനാലാണ് ക്രിക്കറ്റില്‍ നിന്ന് അകന്നത് എന്നാണ് റെയ്ന പറയുന്നത്. ഇതേ തുടര്‍ന്ന് നാളുകളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ജനങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റെയ്ന ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ബിസിസിഐയും സ്റ്റേറ്റ് സെലക്ടര്‍മാരും കളികളെ കുറിച്ച് എന്നെ അറിയിച്ചിരുന്നു, എന്നാല്‍ എനിക്ക് കുറച്ച് രഞ്ജി,ദുലീപ് ട്രോഫി മത്സരങ്ങളേ കളിക്കാനായൊള്ളു, കാരണം എനിക്കെന്റെ മകള്‍ക്ക് വേണ്ട പരിചരണം കൊടുക്കണമായിരുന്നു, ഞാനല്ലെങ്കില്‍ പിന്നെ ആരത് ചെയ്യും’ റെയ്ന ചോദിക്കുന്നു. തനിക്ക ആ കാലയളവില്‍ ക്രിക്കറ്റ് ഏറെ മിസ് ചെയ്തതായും റെയ്ന കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബിസിസിഐ റെയ്നയെ കളിക്കാരുടെ കരാറില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ റെയ്നയുടെ ടീമായ ഉത്തര്‍ പ്രദേശിന്റെ പരിശീലകന് കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിവാഹ ശേഷം റെയ്നയ്ക്ക് ക്രിക്കറ്റിലുളള താല്പര്യം നഷ്ടപ്പെട്ടെന്നും അദ്ദേഹം തികഞ്ഞ കുടുംബ നാഥനായി മാറിയെന്നുമാണ് കോച്ച് റിസ്വാന് ശംഷാദ് ആരോപിച്ചത്. ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ യുവതാരങ്ങള്‍ മത്സരിക്കുമ്പോള്‍ റെയ്നയുടെ മടങ്ങിവരവ് സാധ്യത ഇനി വിരളമാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
അദ്ദേഹത്തിന്റെ പരിഗണന ആകെ മാറിപ്പോയി, അദ്ദേഹമൊരു ‘ഫാമിലി മാന്‍’ ആയിരിക്കുകയാണ്, ഞാനവന് ഇതേകുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു, അദ്ദേഹത്തിന് ഇപ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ താല്പര്യമില്ല, അയാള്‍ ആകെ മൂന്ന് രഞ്ജി മത്സരം മാത്രമാണ് ഈ സീസണില്‍ ഉത്തര്‍ പ്രദേശിനായി കളിച്ചത്. മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാര ടൂര്ണമെന്റുമൊന്നും കളിക്കാന്‍ അയാള്‍ താല്പര്യപ്പെട്ടില്ല, കോച്ച് ആരോപിച്ചു.
ഇന്ത്യയ്ക്കായി 233 ഏകദിനവും 65 ടി20യും കളിച്ചിട്ടുളള താരമാണ് റെയ്ന. ഏകദിനത്തില്‍ 5568 റണ്‍സും ടി20യില്‍ 1307 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2015 ഒക്ടോബറിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്. നിലവില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ് നായകനാണ് സുരേഷ് റെയ്ന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല