സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗം, ട്രംപിനെതിരായ ഹര്‍ജി തള്ളാന്‍ കഴിയില്ലെന്ന് യുഎസ് കോടതി. പ്രചാരണ സമയത്ത് അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നല്‍കിയ ഹര്‍ജി തള്ളാനുള്ള ട്രംപിന്റെ ആവശ്യം കോടതി റദ്ദാക്കി.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് തന്റെ അഭിപ്രായ പ്രകടനമെന്ന് കാണിച്ചാണ് ട്രംപ് ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, അക്രമത്തിന് പ്രേരിപ്പിക്കുന്ന സംസാരങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം പരിഗണിക്കാനാവില്ലെന്നും ഇത്തരം പ്രസംഗങ്ങള്‍ക്ക് ഒരു സംരക്ഷണവും നല്‍കാനാവില്ലെന്നും ഫെഡറല്‍ ജഡ്ജി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ പുറത്താക്കാന്‍ ട്രംപ് സദസ്സിനോട് ആവശ്യപ്പെട്ടതാണ് കേസിന് ആധാരമായ സംഭവം.
2016 മാര്‍ച്ച് ഒന്നിന് ലൂയിവിലിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം നടന്നത്. സദസില്‍ പ്രതിഷേധിച്ച മൂന്നുപേരെ പുറത്താക്കാന്‍ ട്രംപ് പ്രസംഗത്തിനിടെ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ട്രംപിന്റെ അനുയായികള്‍ ഇവരെ മര്‍ദിക്കുകയും ബലംപ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു. ട്രംപ് ബലപ്രയോഗമില്ലാതെ പുറത്താക്കാനാണ് ഉദ്ദേശിച്ചതെന്ന് അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, ട്രംപിന്റെ വാക്കുകള്‍ ഒരു ഉത്തരവിന് സമാനമാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല