സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം സിംഗപ്പൂരിലും, ഇന്ത്യന്‍ ഐടി പ്രൊഫണലുകള്‍ക്ക് വിസ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്. തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാര്‍ വിസ നിഷേധിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ചില സാമ്പത്തിക മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വിസ നിഷേധിക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം.
ഇത് ഇതു ഇരുരാജ്യങ്ങളും തമ്മിലുളള കരാറിന്റെ ലംഘനമാണെന്ന് ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളോട് തദ്ദേശവാസികള്‍ക്ക് നിയമനം നല്കാന് സിംഗപ്പൂര്‍ സര്‍ക്കാര്‍ അവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ചില കമ്പനികള്‍ മറ്റു രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുമെന്ന് സൂചനയുണ്ട്.
എച്ച്.സി.എല്‍, ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, കൊഗ്നിസെന്റ്, എല്‍ ആന്റ് ടി ഇന്‍ഫോടെക് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളാണ് സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ സിംഗപ്പൂര്‍ ‘എക്കണോമിക് നീഡ്സ് ടെസ്റ്റ്’ (ഇഎന്‍ടി) എന്ന സാമ്പത്തിക മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് സമഗ്ര സാമ്പത്തിക സഹകരണ കരാറിന് (സിഇസിഎ) വിരുദ്ധമാണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ കമ്പനികള്‍ ഈ പ്രശ്നം അഭിമുഖീകരിച്ചുവരികയാണ്. 2016ന്റെ തുടക്കത്തില്‍ത്തന്നെ ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായി നാസ്കോം മേധാവി ആര്. ചന്ദ്രശേഖര്‍ പറഞ്ഞു. സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് കടുത്ത നടപടികള്‍ക്ക് മടിക്കാത്ത സൗദിയുടേയും അമേരിക്കയുടേയും വഴിയേയാണ് സിംഗപ്പൂരും എന്നതിന് തെളിവാണ് വിസാ നിഷേധം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല