സ്വന്തം ലേഖകന്‍: പതിനൊന്ന് ഇന്ത്യക്കാരുള്ള ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി, മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സോമാലിയയിലെ പുന്റ്ലാന്‍ഡില്‍ നിന്നാണ് സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. ദുബായില്‍നിന്ന് സോമാലിയയുടെ ബൊസാസോയിലേക്കു വരികയായിരുന്ന അല്‍ കൗശര്‍ കപ്പലാണ് തട്ടിയെടുത്തത്.
വടക്കന്‍ സോമാലിയയുടെ എയ്ല് എന്ന പ്രദേശത്തേക്ക് കപ്പല്‍ കൊണ്ടുപോയെന്നാണു വിവരം. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്നവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. സോമാലിയന്‍ കൊള്ളക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് നാവികസേനയുടെ ബഹ്റിനിലെ വക്താവ് ലഫ്റ്റനന്റ് ലാന് മക് കെനോയി പറഞ്ഞു.
യുഎസ് നേവിയുടെ അഞ്ചാം പടയാണു ബഹ്റിനില്‍ കടല്കൊള്ളക്കാര്ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.രണ്ടാഴ്ചമുന്പ് മൊഗാദിഷുവിലേക്കുള്ള ചരക്കുകപ്പല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തെങ്കിലും ഉപാധികളൊന്നുമില്ലാതെ വിട്ടയിച്ചിരുന്നു.ഈ വര്‍ഷം മാര്‍ച്ചില്‍ സൊമാലിയന്‍ മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് ഒരു കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചിരുന്നു.
2012 നു ശേഷം ആദ്യമായാണ് കൊള്ളക്കാര്‍ ചരക്കുകപ്പല്‍ തട്ടിയെടുക്കുന്നത്.
രേഖകള്‍ പ്രകാരം 2011 ല്‍ മാത്രം 273 ആക്രമണങ്ങളാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ നടത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നാവികസേനകള്‍ മേഖലയില്‍ സാന്നിധ്യം ശക്തമാക്കിയതിനെ തുടര്‍ന്ന് കൊള്ളക്കാരുടെ ആക്രമണം കുറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല