സ്വന്തം ലേഖകന്‍: പീഡനത്തിന് ഇരയായ 12 വയസുകാരിയേയും അമ്മയേയും പ്രതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു, പരാതി നല്കാനെത്തിയപ്പോള് പോലീസിന്റെ വക അപമാനിക്കല്‍, പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞ എഎസ്ഐക്ക് സസ്പെന്ഷന്. അയല്‍വാസികളുടെ പീഡനത്തിന് ഇരയായ 12 വയസ്സുള്ള പെണ്‍കുട്ടിയെയും അമ്മയെയും പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും മര്‍ദിക്കുകയും ആക്രമിച്ചവര്‍ക്കൊപ്പം കൂടി പോലീസ് ഇവരെ അപമാനിക്കുകയും ചെയ്ത സംഭവം നടന്നത് നെല്ലുവായിലാണ്.
പീഡനക്കേസില്‍ പോലീസിന് തെളിവ് നല്കാന് കുട്ടിയുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കാന്‍ അച്ഛന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അക്രമം. കാറില്‍ വന്ന ഇവരെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതിന്റെ പേരില്‍ പ്രതിയുടെ മകന് വിഷ്ണു ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മുപ്പതുപേര്ക്കെതിരേയാണ് എരുമപ്പെട്ടി പോലീസ് കേസെടുത്തു.
എറണാകുളത്ത് അമ്മയുടെ കൂടെ താമസിക്കുന്ന കുട്ടി അച്ഛന്റെ കൂടെ നെല്ലുവായില്‍ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എറണാകുളത്തെ സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. കുട്ടിയും മാതാവും ഞായറാഴ്ച്ച വൈകിട്ട് കുന്നംകുളം സിഐ ഓഫീസില്‍ എത്തി മൊഴി നല്‍കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം സംഭവ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ നെല്ലുവായിയിലെ വീട്ടിലെത്തിയ കുട്ടിയെയും അമ്മയെയും പ്രതിയുടെ ബന്ധുക്കള്‍ സംഘടിച്ചെത്തി കാര്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. നിരവധി തവണ സി.ഐ.യെയും എരുമപ്പെട്ടി പോലീസിനെയും ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് സി.ഐ.യെ അറിയിച്ചപ്പോള്‍ സ്ഥലത്തെത്തിയ അഡീഷണല്‍ എസ്.ഐ. ടി.ഡി. ജോസ് ആക്രമിച്ചവര്ക്കൊപ്പംകൂടി അപമാനിച്ചുവെന്നാണ് കുട്ടിയുടെ അമ്മ പരാതി നല്‍കിയിരിക്കുന്നത്.
എഎസ്ഐ തകര്‍ന്നിരിക്കുന്ന മകളോട് നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ എന്ന് ചോദിച്ചതായും നിന്നെ ആരൊക്കെയാ പീഡിപ്പിച്ചത് പറയ്, അത് ഞാനുംകൂടി കേള്‍ക്കട്ടെ എന്ന് പറഞ്ഞതായും അമ്മ പറയുന്നു.
കുന്നംകുളം ഡിവൈഎസ്പി യുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എരുമപ്പെട്ടി എഎസ്ഐ ടിഡി ജോസിനെ സസ്പെന്‍ഡ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല