1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2017

സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ, നിബന്ധനകള്‍ കര്‍ശനമാക്കി ട്രംപ് ഭരണകൂടം. താഴെത്തട്ടിലുള്ള കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്ക് ഇനി വിസ നല്‍കില്ല. എച്ച് 1 ബി വിസ ദുരുപയോഗം ചെയ്യരുതെന്ന് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയ ട്രംപ് ഭരണകൂടം അമേരിക്കക്കാരെ അവഗണിച്ച് വിദേശികളെ ജോലിക്കെടുക്കുന്നത് അനുവദിക്കില്ലെന്നും കൂടുതല്‍ വിദേശികളെ എടുക്കുന്ന സ്ഥാപനങ്ങളില്‍ മിന്നല്‍പരിശോധന നടത്തി നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നല്‍കി.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്1ബി വിസ അപേക്ഷകള്‍ സര്‍ക്കാര്‍ സ്വീകരിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. എച്ച്1ബി വിസ ദുരുപയോഗം കണ്ടെത്തുന്നതിന് വിവിധ നടപടികള്‍ യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വിസസ് (യു.എസ്.സി.ഐ.എസ്) തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

അമേരിക്കന്‍ മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്കു നല്‍കുന്ന 20000 അടക്കം 85000 എച്ച് വണ്‍ ബി വീസകളാണ് ഓരോ വര്‍ഷവും നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ഇതില്‍ 71 ശതമാനം ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. ചൈനക്കാര്‍ക്ക് 10 ശതമാനം വിസകള്‍ മാത്രമേ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളു. യോഗ്യതയുള്ള അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനാണ് നടപടിയെന്ന് യു.എസ്.സി.ഐ.എസ് അറിയിച്ചു.

കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ പോലുള്ള ജോലികള്‍ വിശേഷ വൈദഗ്ധ്യം വേണ്ടതല്ലെന്നും അതിനാല്‍ എച്ച് വണ്‍ ബി വീസയില്‍ പരിഗണിക്കേണ്ടതില്ലെന്നും യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇത് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ തിരിച്ചടിയായി.

സാധാരണബിരുദങ്ങളുമായി ഈ വീസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കുറഞ്ഞ ശമ്പളം നല്‍കി ഇന്ത്യയില്‍നിന്നും മറ്റും ജീവനക്കാരെ എത്തിച്ചു ലാഭമെടുക്കുന്ന കമ്പനികളെ പൂട്ടാനുള്ള സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവുകള്‍. തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ത്തന്നെ ട്രംപ് വിദേശികള്‍ക്കു കൂടുതല്‍ തൊഴിലും വീസയും നല്‍കുന്നതിനെ രൂക്ഷമായി എതിര്‍ത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.