സ്വന്തം ലേഖകന്‍: ചൈന, യുഎസ് ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയയുടെ മിസൈല്‍ വെടിക്കെട്ട്, ഇത്തവണ പരീക്ഷണം ജപ്പാന് കടലിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കാനിരിക്കേ രാജ്യാന്തര വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു.
ഉത്തര കൊറിയയുടെ കിഴക്കന്‍ തുറമുഖ നഗരമായ സിന്‍പോയില്‍നിന്നു ബുധനാഴ്ച ജപ്പാന് കടലിലേക്കു പരീക്ഷിച്ച മിസൈല്‍ 60 കിലോമീറ്റര്‍ സഞ്ചരിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യവും യുഎസ് പസിഫിക് കമാന്‍ഡും സ്ഥിരീകരിച്ചു. ഉത്തര കൊറിയയുടെ കാര്യത്തില്‍ ഇതിനകം തന്നെ അമേരിക്ക ആവശ്യത്തിന് സംസാരിച്ചതിനാല്‍ ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു യുഎസ് സെക്രട്ടറി സ്റ്റേറ്റ് റെക്സ് ട്രില്ലേഴ്സന്റെ പ്രതികരണം.
കെ.എന്‍ 15 മീഡിയം റേഞ്ചിലുള്ള ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചതെന്ന് യു.എസ് മിലിട്ടറി പസഫിക് കമാന്‍ഡ് അറിയിച്ചു. മാര്‍ച്ച് ആദ്യം ജപ്പാന് തീരത്തേക്ക് ഉത്തര കൊറിയ നാലു മിസൈലുകളാണു പരീക്ഷിച്ചത്. ഇവയില്‍ ചിലതു ജപ്പാന് തീരത്തുനിന്നു 300 കിലോമീറ്റര്‍ അകലെ എത്തിയിരുന്നു. എന്നാല്‍ രണ്ടാഴ്ച മുന്‍പു നടത്തിയ മറ്റൊരു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയമായിരുന്നു.
യുഎസ് വരെ എത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മിസൈല്‍ ഏതു സമയവും യുഎസിനെതിരെ പ്രയോഗിക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഭീഷണി മുഴക്കിയിരുന്നു. യുഎസിലെ ഫ്ലോറിഡയില്‍ ചൈനാ പ്രസിഡന്റ് ഷി ചിന്‍പിങ്ങും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടു ദിവസം നീളുന്ന ഉച്ചകോടിയില്‍ ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതിയാണു മുഖ്യ ചര്‍ച്ചാവിഷയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല