സ്വന്തം ലേഖകന്‍: ചൈനക്കെതിരെ ഇന്ത്യ ഒരിക്കലും തന്നെ ഉപയോഗിച്ചിട്ടില്ല, അരുണാചല്‍ സന്ദര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി ദലൈലാമ. ചൈനക്കെതിരെ ഇന്ത്യ ദലൈലാമയെ ഉപയോഗിക്കുകയാണെന്ന ചൈനയുടെ വിമര്‍ശനങ്ങ: തള്ളിക്കളഞ്ഞ ദലൈലാമ തന്റെ അരുണാചല്‍ സന്ദര്‍ശനം ചൈനയെ പ്രകോപിപ്പിക്കാനാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈനയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ ചൈനയിലെ ഭൂരിപക്ഷം ആളുകളും ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്ന് ദലൈലാമ മറുപടി നല്കി. ഇടുങ്ങിയ മനസ്സുള്ള ചെറുന്യൂനപക്ഷം രാഷ്ട്രീയക്കാര്‍ മാത്രമേ ചൈനയില്‍ ഇന്ത്യയെ എതിര്‍ക്കുന്നുള്ളൂവെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. ടിബറ്റിന് സ്വയഭരണാധികാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയിലാണ് ഏറ്റവും കൂടുതല്‍ ബുദ്ധമത വിശ്വാസികളുള്ളത്.
രാജ്യത്തെ ഭൂരിപക്ഷം ബുദ്ധിജീവികളും തങ്ങളുടെ ആവശ്യത്തിന് അനുകൂലമാണെന്നും ദലൈലാമ പറഞ്ഞു. ചൈനയില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യമല്ല ടിബറ്റ് ആഗ്രഹിക്കുന്നത്. ഭാവിയിലും പീപ്പള്‍സ് റിപബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമായി നില നില്‍ക്കാനാണ് ടിബറ്റിന്റെ താല്‍പ്പര്യം. എന്നാല്‍ ആത്മീയ കാര്യങ്ങളിലുള്‍പ്പടെ ടിബറ്റിന് ചില പ്രത്യേക അവകാശങ്ങള്‍ ആവശ്യമാണെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു.
ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ദലൈലാമയ്ക്കെതിരെ രൂക്ഷപ്രതികരണവുമായി ചൈന രംഗത്തു വന്നത്. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. ദലൈലാമയെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതില്‍നിന്നു വിലക്കണമെന്ന് ചൈന ഇന്ത്യക്ക് താക്കീതു നല്‍കുകയും ചെയ്തു.
ദലൈലാമയെ അരുണാചല്‍ പ്രദേശിലേക്കു ക്ഷണിക്കുകയാണെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ വിള്ളലുകള്‍ ഉണ്ടാകുമെന്നും ചൈന തുറന്നടിച്ചു. ദലൈലാമയും സംഘവും ചൈനാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറെക്കാലമായി ഏര്‍പ്പെടുകയാണെന്നും ഇതിനെക്കുറിച്ച് ഇന്ത്യക്ക് വ്യക്തമായ ധാരണയുണ്ടെന്നുമാണ് ചൈനയുടെ നിലപാട്. നാലു മുതല്‍ 13 വരെയാണ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല