സ്വന്തം ലേഖകന്‍: ബ്രെക്സിറ്റിനു ശേഷമുള്ള യൂറോപ്പ് ബ്രിട്ടന് കടുപ്പമേറിയതാകും, മുഖം തിരിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍, പുതിയ വ്യാപാര കരാറുകള്‍ക്കായി ബ്രിട്ടന് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് തിരിയുന്നു. ബ്രെക്സിറ്റ് പൂര്‍ത്തിയായ ശേഷമല്ലാതെ ഇനി ബ്രിട്ടനുമായി വ്യാപാര കരാറുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാകില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയതോടെ ബ്രെക്സിറ്റിനുശേഷം യൂറോപ്പിലെ വ്യാപാര ബന്ധങ്ങള്‍ പഴയ പോലെയാകില്ലെന്ന് ഉറപ്പായി.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നല്കിയ കത്തിനു മറുപടിയായാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ജര്‍മ്മനിയും ബ്രിട്ടനുമായുള്ള വ്യാപരത്തിന്റെ കാര്യത്തില്‍ സമാനമായ നിലപാട് എടുത്തിരുന്നു. ബ്രിട്ടന് യൂണിയനില്‍നിന്നു പിന്മാറുന്നതു സംബന്ധിച്ച ധാരണകള്‍ ചര്‍ച്ചയിലൂടെ പൂര്‍ത്തിയായ ശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കൂ എന്ന നിലപാടാണ് പൊതുവെ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ സ്വീകരിക്കുക എന്നാണ് സൂചന.
ഇതോടെ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി യൂണിയനില്‍നിന്ന് ഔദ്യോഗികമായി പിരിയുന്നതുവരെ ഒരു രാജ്യവുമായും സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പിടാന്‍ ബ്രിട്ടനു കഴിയില്ല. മാത്രമല്ല, യൂറോപ്യന്‍ യൂണിയന് ചട്ടം അനുസരിച്ച് അംഗരാജ്യങ്ങള്‍ക്കൊന്നും മറ്റു രാജ്യങ്ങളുമായി ഉഭയ കക്ഷി കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. യൂണിയനു പുറത്തുള്ള രാജ്യങ്ങള്‍ യൂണിയനുമായാണ് കരാര്‍ ഉണ്ടാക്കേണ്ടത്.
അതിനാല്‍ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോകുന്നതോടൊപ്പം യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളുമായി പുതിയ ഉടമ്പടികള്‍ ഉണ്ടാക്കി യൂണിയന് വിടുന്നതിന്റെ തൊട്ടുപിന്നാലെ ഉണ്ടാകാനിടയുള്ള സാമ്പത്തിക ഒറ്റപ്പെടലിന്റെ ആഘാതം പരമാവധി കുറക്കാനുള്ള നെട്ടോട്ടത്തിലാണ് തെരേസാ മേയും സംഘവും. നിലവില്‍ ജോര്‍ദാന്‍, സൗദി സന്ദര്‍ശനത്തിനായി മധ്യപൂര്‍വേഷ്യയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി.
മധ്യേഷ്യയില്‍നിന്നുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണു സൗദി അറേബ്യ. 4.67 ബില്യണ്‍ പൗണ്ടിന്റെ ചരക്ക് കയറ്റുമതിയും 1.9 ബില്യണ്‍ പൗണ്ടിന്റെ സേവന കയറ്റുമതിയുമാണു വര്‍ഷംതോറും ബ്രിട്ടന് സൗദിയിലേക്കു നടത്തുന്നത്. അതേസമയം, ചാന്‍സിലര്‍ ഫിലിപ് ഹാമണ്ടിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പുത്തന്‍ വ്യാപാര സാധ്യതകള്‍ ചര്‍ച്ച ചെയ്യനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.
ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള നിക്ഷേപ സഹകരണം വര്‍ധിപ്പിക്കുകയാണു ബ്രിട്ടന് ലക്ഷ്യമിടുന്നതെന്ന് സംയുക്ത പത്രസമ്മേളത്തില്‍ ഫിലിപ് ഹാമണ്ട് വ്യക്തമാക്കി. ബ്രെക്സിറ്റിനുശേഷമുള്ള ബ്രിട്ടന് പുതിയൊരു തലത്തിലുള്ള ബന്ധമാണ് ഇന്ത്യയുമായി ലക്ഷ്യമിടുന്നതെന്നും ഇതിനോടു സഹകരിക്കാന്‍ ഇന്ത്യയ്ക്കു വലിയ താല്പര്യമാണുള്ളതെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല