സ്വന്തം ലേഖകന്‍: കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയതായി പരാതി, ഓം ശാന്തി ഓശാന സംവിധായകന് ജൂഡ് ആന്റണിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഷൂട്ടിങ്ങിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ സംവിധായകന് ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ജൂഡിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കൊച്ചി മേയര്‍ സൗമിനി ജെയിനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ജൂഡിനെതിരെ നല്കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. ഷൂട്ടിങ്ങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായിട്ടാണ് ജൂഡ് ആന്റണി മേയറെ കാണാനെത്തിയത്. സുഭാഷ് പാര്‍ക്ക് ഇപ്പോള്‍ ഷൂട്ടിങ്ങിനായി വിട്ടുകൊടുക്കുന്നില്ലെന്ന് മേയര്‍ അറിയിച്ചു. കോര്പ്പറേഷന് കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരമാണ് പാര്‍ക്കില്‍ ഷൂട്ടിങ്ങിന് വിലക്കെന്നും മേയര്‍ വ്യക്തമാക്കി. ഗുണപരമായ സിനിമയാണെന്ന് ജൂഡ് വാദിച്ചെങ്കിലും മേയര്‍ വിട്ടുവീഴ്ച ചെയ്തില്ല.
ഇതിനെ തുടര്‍ന്ന് ജൂഡ് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മേയര്‍ പരാതി നല്‍കിയത്. ഇത് സെന്‍ട്രല്‍ പൊലീസിന് കൈമാറുകയായിരുന്നു.മേയറുടെ പരാതിയില്‍ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ജൂഡിനെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
താന്‍ സ്ത്രീയായതുകൊണ്ടാണ് സംവിധായകന് ഇത്തരത്തില്‍ പെരുമാറിയതെന്നും പുരുഷനായിരുന്നെങ്കില്‍ ധൈര്യപ്പെടില്ലെന്നും മേയര്‍ പറഞ്ഞു. എന്നാല്‍, താന്‍ മേയറെ അപമാനിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജൂഡ് ആന്റണി പറഞ്ഞു. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജൂഡ് ആന്റണി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല