സ്വന്തം ലേഖകന്‍: യുകെ വിസയ്ക്ക് ഇനി ചെലവേറും, ടയര്‍ ടു വിസ നിയന്ത്രണം കര്‍ശനമാക്കി യുകെ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യ ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് വിസ നല്‍കുന്നതിനാണ് യുകെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്ന ടയര്‍ ടു വിസ നല്‍കുന്നതിനാണ് കടുത്ത നിയന്ത്രണങ്ങള്‍.
അമേരിക്കയുടെ എച്ച് വണ്‍ ബി വിസയ്ക്ക് സമാനമായ ടയര്‍ ടു വിസ നല്‍കുന്നത് നിയന്ത്രിച്ച് സ്വദേശിവല്‍ക്കരണത്തിന് ആക്കം കൂട്ടാനാണ് തെരേസാ മേയ് സര്‍ക്കാരിന്റെ നീക്കം. ഇന്ത്യയുള്‍പ്പടെയുള്ള യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ യു.കെയില്‍ ജോലിക്കെത്തിക്കുന്ന സ്‌പോണ്‍സര്‍മാര്‍ ഇനി 1,000 പൗണ്ട് ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജായി നല്‍കണം. സന്നദ്ധസംഘടനകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഇതില്‍ ഇളവുണ്ട്. ഇവര്‍ 364 പൗണ്ട് നല്‍കിയാല്‍ മതിയാവും.
യു.കെ വിസക്ക് അപേക്ഷിക്കുന്നവര്‍ ക്രിമിനല്‍ കേസുകള്‍ നിലവില്ല എന്നതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷക്കൊപ്പം നല്‍കണം. ടയര്‍ ടു വിസയുമായി യു.കെയില്‍ ജോലിക്കെത്തുന്നവരുടെ മിനിമം ശമ്പളം 25,000 പൗണ്ടില്‍ നിന്ന് 30,000 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. അടുത്തകാലത്ത് അധ്യാപകരും നഴ്‌സുമാരും ടയര്‍ ടു വിസയ്ക്കായി അപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
യുകെയില്‍ ഏറ്റവും തൊഴിലവസരങ്ങളുള്ള നഴ്‌സിംഗ് മേഖലയെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാന തലവേദന. പുതിയ തീരുമാനം മൂലം യു.കെയിലെ പല സ്ഥാപനങ്ങളും യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ കുറവ് വരുത്താനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല