സ്വന്തം ലേഖകന്‍: സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ പ്രയോഗിച്ചത് മാരക രാസായുധം, കൂടുതല്‍ തെളിവുകള്‍ പുറത്ത്, ആരോപണം നിഷേധിച്ച് സിറിയന്‍ സര്‍ക്കാര്‍. സിറിയയില്‍ വിമതസൈനികരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലെ ഖാന് ശൈഖൂനില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതിന്റെ പുതിയ തെളിവുകള്‍ പുറത്തുവന്നു. 80 ലധികം പേരുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തില്‍ വിഷ വാതകം ഉപേയാഗിച്ചതായി തുര്‍ക്കിയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് വെളിപ്പെടുത്തിയത്.
സിറിയ ഉപയോഗിച്ചത് രാസായുധം തന്നെയെന്ന് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര് തുര്‍ക്കിയില്‍ വച്ചാണ് മരിച്ചത്. ഇവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തുര്‍ക്കിയിലെ ദക്ഷിണ പ്രവിശ്യയായ അഡാനയിലേയ്ക്കാണ് ഇവരെ കൊണ്ടുവന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രാസായുധ പ്രയോഗം തെളിയിക്കുന്നതാണെന്ന് തുര്‍ക്കി നീതിന്യായ മന്ത്രി ബെകിര്‍ ബോസ്ദാഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുമായും രാസായുധ വിരുദ്ധ സംഘടനയുമായും (ഒപിസിഡബ്ല്യ) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ബാഷര്‍ അല്‍ അസദിന്റെ സൈന്യമാണ് രാസായുധ പ്രയോഗം നടത്തിയതെന്നാണ് അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും ആരോപണം. അതേസമയം രാസായുധ പ്രയോഗം സംബന്ധിച്ച ആരോപണം സിറിയ തള്ളി.
സിറിയന്‍ സൈന്യം ഒരിക്കലും രാസായുധം ഉപയോഗിച്ചിട്ടില്ലെന്നും സിറിയക്കാര്‍ക്ക് എതിരെ മാത്രമല്ല, ഭീകരര്‍ക്കെതിരെ പോലും ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കില്ലെന്നും വിദേശകാര്യ മന്ത്രി വാലിദ് മോലം പറഞ്ഞു. അതിനിടെ, വിഷയത്തില്‍ അന്വേഷണം സംബന്ധിച്ച യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കാനിരുന്ന പ്രമേയത്തിന്റെ കരട് ബ്രിട്ടന്, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും റഷ്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വോട്ടിനിടാനായില്ല. പ്രമേയം വീറ്റോ ചെയ്യുമെന്നാണ് റഷ്യയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല