സ്വന്തം ലേഖകന്‍: സൗദി അറേബ്യ ദീര്‍ഘകാലമായി രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്കാന് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് ഗ്രീന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതതെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷത്തില്‍ 14.200 റിയാല്‍ ഈടാക്കി സ്വയം സ്പോണ്സര്ഷിപ്പില് ഇഖാമ നല്കുന്ന സംവിധാനമാണ് അധികൃതര്‍ ആലോചിക്കുന്നത്.
വിദേശികളുടെ വരുമാനം രാജ്യത്ത് ചെലവഴിക്കുന്നതിലൂടെയുള്ള സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാനും സാധിക്കുമെന്ന് സൗദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സ്ഥിരം ഇഖാമക്ക് പുറമെ നിരവധി ആനുകൂല്യങ്ങള്‍ കൂടി വാഗ്ദാനം നല്‍കുന്നതാണ് ഗ്രീന്‍ കാര്‍ഡ് സംവിധാനം. കെട്ടിടങ്ങളും ഭൂമിയും വാങ്ങി സൗദി റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണിയില്‍ സ്വദേശികളെപ്പോലെ മുതലിറക്കാനും വാണിജ്യ, നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കാനും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും.
സേവനത്തില്‍ നിന്ന് വിരമിക്കുന്ന വേളയിലെ പെന്ഷന്, സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികില്‍സ, തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാനുള്ള സൗകര്യം, കുടുംബത്തിനും ആശ്രിതര്‍ക്കും വിസ, രണ്ട് വീട്ടുവേലക്കാര്‍ക്കുള്ള വിസ എന്നിവയും ഗ്രീന്‍ കാര്‍ഡിെന്റ ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നു. സ്വയം സ്പോണ്‍സര്‍ഷിപ്പ് എന്നതിനാല്‍ വിദേശ യാത്രക്കുള്ള റീ എന്ട്രീ വിസയും സ്വന്തമായി അടിക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കും.
സൗദി പൗരന്മാര്ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ചില സൗകര്യങ്ങള്‍ ഗ്രീന്‍ കാര്‍ഡുള്ള വിദേശികള്‍ക്കും ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഏഴും അതില്‍ കൂടുതലും സീറ്റുള്ള വാഹനങ്ങള്‍ സ്വന്തമാക്കാനും ബന്ധുക്കള്‍ക്ക് സന്ദര്‍ശക വിസയും കുടുംബവിസയും സ്വയം നേടാനും രണ്ടു വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാനും ഗ്രീന്‍ കാര്‍ഡുള്ള വിദേശികള്‍ക്ക് അനുമതിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍ കാര്‍ഡ് പദ്ധതി നടപ്പാകുമെന്ന് ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും സൂചന നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല