സ്വന്തം ലേഖകന്‍: ‘എന്റെ കുഞ്ഞുങ്ങള്‍ ഇവിടെയാണ് ജനിച്ചത്, എന്തിനാണ് ഞങ്ങളെ ആക്രമിച്ചത്?’ സിറിയയിലെ രാസായുധ ആക്രമണത്തില്‍ ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരച്ഛന്റെ കരളു പിളര്‍ക്കുന്ന ചോദ്യം. ആക്രമണത്തില്‍ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ ഇരുപത് പേരെ നഷ്ടമായ അബ്ദുള്‍ ഹമീദ് എന്ന സിറിയക്കാരന്റെ വീഡിയോയാണ് സമൂഹ മാധ്യമളെ കണ്ണീരിലാഴ്ത്തുന്നത്. പ്രിയപ്പെട്ടവരുടെ സംസ്‌കാരം കഴിഞ്ഞ് ഹമീദ് പൊട്ടിക്കരയുന്ന ഹമീദിനു നല്‍കാന്‍ ഉത്തരമില്ലാതെ ചുറ്റും നില്‍ക്കുകയാണ് മാധ്യമ പ്രവര്‍ത്തകരും മറ്റുള്ളവരും.
തന്റെ അഭിമുഖത്തിനായെത്തിയ മാധ്യമ പ്രവര്‍ത്തകനോട് അന്ന് നടന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കവെയാണ് ഹമീദ് പൊട്ടിക്കരഞ്ഞത്. രാസായുധ ആക്രമണം നടക്കുമ്പോള്‍ താനും കുടുംബാംഗങ്ങളും ഉറങ്ങുകയായിരുന്നുവെന്ന് ഹമീദ് പറയുന്നു. അപ്രതീക്ഷിതമായുള്ള ശബ്ദം കേട്ട് താന്‍ ഞെട്ടി ഉണര്‍ന്നു. വീടിന് സമീപമായിരുന്നു ആക്രമണം നടന്നത്. ആദ്യമൊന്നും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പോലും മനസിലായിരുന്നില്ല. താന്‍ നോക്കുമ്പോഴേക്കും തന്റെ മക്കള്‍ക്കും ഭാര്യയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തന്റെ കണ്‍മുന്നില്‍വെച്ചാണ് അവര്‍ മരിച്ചത്. അഞ്ച് മിനിട്ടുകള്‍ക്ക് ശേഷം രണ്ടാമത്തെ രാസാക്രമണം നടന്നു. തുടര്‍ന്ന് താന്‍ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്ക് പോയി.
ആ അഞ്ചുമിട്ടുകൊണ്ട് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. അപ്പോഴേക്കും വാതകം തനിക്ക് ചുറ്റും പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിരുന്നു. സമീപത്തു കിടന്നിരുന്ന തുണി ഉപയോഗിച്ച് താന്‍ മുഖം പൊത്തി. തുണിയിലൂടെ ശ്വാസം വലിച്ചെടുത്തു. ഇതിനിടെ തന്റെ മുതിര്‍ന്ന സഹോദരന്‍ യാസറിന്റെ വീട്ടിലേക്ക് താന്‍ ഓടിയെത്തി. എന്നാല്‍ അദ്ദേഹവും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ മകന്‍ അമറും മരിച്ചു കിടന്നിരുന്നു. ആരെയും തനിക്ക് രക്ഷിക്കാനായില്ല. എന്തുകൊണ്ടാണ് അവര്‍ തങ്ങളെ ആക്രമിച്ചതെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഹമീദ് മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരമായി തനിക്ക് ഒന്നും അറിയില്ലെന്നും അദ്ദേഹം പറയുന്നു.
ഇതിനിടെ സങ്കടം സഹിക്കാനാകാതെ അദ്ദേഹം മാധ്യമപ്രവര്‍ത്തകന്റെ കൈകളില്‍ പിടിമുറുക്കുന്നത് കാണാം. ദു:ഖം നിയന്ത്രിച്ച് തങ്ങള്‍ ഇവിടെയാണ് ജനിച്ചതെന്നും തങ്ങള്‍ എന്തിന് ഇവിടെ നിന്നു പോകണമെന്നും അദ്ദേഹം ചോദിക്കുന്നു. മരിക്കുകയാണെങ്കില്‍ അത് ഇവിടെ തന്നെയാകട്ടെ. അയാള്‍ ഇനിയും സരിന്‍ വാതകവുമായി വരട്ടെ, കൂടെ യൂറോപ്പിനേയും കൂട്ടുപിടിച്ചോട്ടെ. പത്തല്ല, അതില്‍ കൂടുതല്‍ രാസാക്രമണങ്ങള്‍ നടത്തിയാലും തങ്ങള്‍ ഇവിടെ നിന്നും പോകില്ല. ഇത് തങ്ങളുടെ മണ്ണാണെന്നും ഹമീദ് പറയുന്നു.
ചൊവ്വാഴ്ചയായിരുന്നു ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖനില്‍ രാസാക്രമണം നടന്നത്. 86 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത് പേര്‍ കുട്ടികളും 17 പേര്‍ സ്ത്രീകളുമാണ്. നാനൂറിലധികം പേര്‍ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയുണ്ടായ ശക്തമായ രാസാക്രമണമായിരുന്നു ഇത്. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ നിര്‍ദ്ദേശ പ്രകാരം സിറിയന്‍ സൈന്യമാണ് ഇദ്‌ലിബില്‍ ആക്രമണം നടത്തിയത്.
അബ്ദുള്‍ ഹമീദ് കുഞ്ഞുങ്ങളെ ചേര്‍ത്തു കരയുന്ന ചിത്രം ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്ക സിറിയയ്ക്ക് ശക്തമായ തിരിച്ചടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയിലെ ഷാറത് വ്യോമതാവളത്തിന് നേരെ യുഎസ് സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒന്‍പത് സിറിയന്‍ സൈനികര്‍ മരിച്ചതായി യുഎസ് അറിയിച്ചു. രാസായുധ ആക്രമണത്തിന് മറുപടിയാണ് ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ആക്രമണ ശേഷം പ്രഖ്യാപിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല