സ്വന്തം ലേഖകന്‍: സൂപ്പര്‍സ്റ്റാര്‍ ഡാ! വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ ഉപദേശവുമായി രജനികാന്ത്. ‘നിങ്ങള്‍ ചിന്തിക്കാത്തതെന്താണ്? സിനിമയുടെ നിര്‍മാതാവ് പറയുന്നതുപോലെ കാര്യങ്ങള്‍ തീരുമാനിക്കരുത്. നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യമാണ് ഉപയോഗിക്കേണ്ടത്. മറിച്ചാണെങ്കില്‍ പിന്നീട് വരുന്നതിനെയോര്‍ത്ത് ദുഖിക്കാനും പാടില്ല,’ വിതരണക്കാരോടായി രജനി പറയുന്നു.
നിര്‍മാതാക്കള്‍ എന്തൊക്കെപ്പറഞ്ഞാലും അത് വിതരണത്തിനെടുക്കുന്നവര്‍ക്ക് അവരുടേതായ ബിസിനസ് റിസ്കുകള്‍ ഏറ്റെടുക്കാനുള്ള കഴിവ് വേണമെന്നുള്ള സാമാന്യബുദ്ധിയും രജനി പങ്കുവച്ചു. ഒരു സിനിമ നിര്‍മിക്കുന്നയാള്‍ അത് മോശമാണെന്ന് ഒരിക്കലും പറയില്ല എന്നും അദ്ദേഹം പറഞ്ഞു. ‘ഒരു സിനിമ ഏറ്റെടുക്കുമ്പോള്‍ ചിന്തിക്കേണ്ടത് വിതരണക്കാരനാണ്. അതും നിരവധി തവണ ആലോചിക്കണം. വേണോ വേണ്ടയോ എന്ന് തീരുമാനം എടുക്കണം. സിനിമയുടെ നിലവാരം നോക്കിയാണ് എടുക്കേണ്ടത്, അല്ലാതെ നിര്‍മാതാക്കള്‍ പറയുന്നതു കേട്ടിട്ടല്ല’ രജനി കൂട്ടിച്ചേര്‍ത്തു.
കളക്ഷന്റെ വ്യാജ കണക്കുകള്‍ സൃഷ്ടിക്കുന്നവരേയും രജനി വിമര്‍ശിച്ചു. പലപ്പോഴും ഇത്തരം കൃത്രിമമായ കണക്കുകളാണ് സിനിമ എന്ന വ്യവസായത്തെത്തന്നെ ഇല്ലാതാക്കുന്നത്. കൂടെ നിന്ന് ജോലിചെയ്യുന്നവരെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്നതും ഈ വ്യാജക്കണക്കാണ്. പെരുപ്പിച്ചുകാട്ടി താരമൂല്യം വര്‍ദ്ധിപ്പിക്കുന്നത് വളര്ച്ചയിലേക്കാവില്ല സിനിമയെ നയിക്കുന്നതെന്നും സ്റ്റൈല്‍ മന്നന് മുന്നറിയിപ്പു നല്കുന്നു.
വിജയും സൂര്യയും ഉള്‍പ്പെടെയുള്ള യുവ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ചിത്രങ്ങളുടെ കളക്ഷന്‍ പെരുപ്പിച്ചു കാട്ടിയെന്നും യഥാര്‍ഥത്തില്‍ ആ ചിത്രങ്ങള്‍ നഷ്ടമായിരുന്നുവെന്നും ആരോപിച്ചു വിതരണക്കാര്‍ രംഗത്തെത്തിയിരിന്നു. ആ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് രജനിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല