സ്വന്തം ലേഖകന്‍: ഒന്നും ഒളിക്കാനില്ല, പക്ഷെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറല്ലെന്ന് ധനുഷ്, താരം തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ നല്കിയ കേസ് അവസാന ഘട്ടത്തിലേക്ക്. ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ താന്‍ സന്നദ്ധനല്ലെന്ന് കോടതിയില്‍ ധനുഷ് വ്യക്തമാക്കി. ഒന്നും ഒളിക്കാനല്ലെന്നും പക്ഷേ തന്റെ ആത്മാര്‍ത്ഥതയെയും സ്വകാര്യതയെയും ടെസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ധനുഷ് പറഞ്ഞു.
ഇതുപോലൊരു ബാലിശമായ കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നും ധനുഷ് വ്യക്തമാക്കി. ജസ്റ്റിസ് പി എന്‍ പ്രകാശിന്റെ മുന്നിലാണ് ധനുഷ് തന്റെ ഭാഗം വ്യക്തമാക്കിയത്. എന്നാല്‍ 65,000 രൂപപ്രതിമാസം ചെലവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് ധനുഷ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഇത്തരം കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ ഒന്നിലധികം കേസുകളില്‍ പറഞ്ഞിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകന് രാമകൃഷ്ണന് വീരരാഘവന് വാദിച്ചു.
മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന് മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നാണ് വാദം. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും കോടതിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28നാണ് താന്‍ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥപേര്. എന്നാല്‍ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികള്‍ പറയുന്നത്. നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്. 2002 ല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയ തങ്ങളുടെ മകന് കലൈയരസന്‍ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങള്‍ കതിരേശനും മീനാക്ഷിയും കോടതിയില്‍ തെളിവായി പറഞ്ഞിരുന്നു.
പ്രാഥമിക പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ലേസര്‍ ടെക്നിക്ക് വഴി മറുകു മായിച്ചു കളഞ്ഞതാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു. അവിടെയും ധനുഷിന് അനുകൂലമായിരുന്നു വിധി. കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവര്‍ ആരോപിച്ചു.
2016 നവംബര്‍ 25 നാണ് ദമ്പതികള്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹര്‍ജി നല്‍കിയത്. വയോധികരായ തങ്ങള്‍ക്ക് ജീവനാംശമായി പ്രതിമാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് തന്റെ അധികാര പരിധിക്ക് പുറത്താണെന്നും അതിനാല്‍ ഇതു സംബന്ധിച്ച് പ്രസ്താവന നടത്താനാവില്ലെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പ്രകാശ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല