സ്വന്തം ലേഖകന്‍: താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി, പീഡിപ്പിച്ചത് സിനിമയിലെ സഹപ്രവര്ത്തരെന്നും വെളിപ്പെടുത്തല്‍. ന്യൂസ് 18ന് നല്കിയ അഭിമുഖത്തിലാണ് പ്രമുഖ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പാര്‍വതി വെളിപ്പെടുത്തിയത്, ആരേയും ശിക്ഷിക്കാനല്ല, ഇരകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
‘പേരുകള്‍ തുറന്ന് പറഞ്ഞ് ആരേയും ശിക്ഷിക്കാന്‍ തനിക്ക് ഉദ്ദേശമില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണെന്നും നിരന്തരം തുടരുന്നതായും സ്ത്രീ സമൂഹത്തെ അറിയിക്കാനാണ് താന്‍ പറയുന്നത്. സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെയാണ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. നിരന്തരം ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും പാര്‍വതി പറഞ്ഞു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചു പറയുമ്പോഴായിരുന്നു പാര്‍വതി സ്വന്തം അനുഭവത്തിലേക്കും കടന്നത്. ‘നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്ത് ആയിരുന്നു അഭിനയിക്കേണ്ടത്. ആരും സഹായത്തിനില്ലാത്ത അവരുടെ അപ്പോഴത്തെ അവസ്ഥ എനിക്ക് അറിയാം. ഞാന്‍ അങ്ങനത്തെ ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണു സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപെട്ടുപോകുന്ന അവസ്ഥ.നമ്മുടെ ദേഹം ഇങ്ങനെ ആയതുകൊണ്ടാണ് നമ്മള് ഉപയോഗിക്കപ്പടുന്നതും, ചൂഷണം ചെയ്യപ്പെടുന്നതും എന്ന് എനിക്കറിയാം,’ പാര്‍വതി പറയുന്നു.
‘അവരെ ശിക്ഷിക്കാനൊന്നുമല്ല ഇതു പറയുന്നത്. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. അതില്‍ നിന്നും പുറത്തുകടന്നു. പക്ഷേ എനിക്ക് അതു പറയാന്‍ പറ്റും. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റുള്ള സ്ത്രീകളോടു പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല,’ അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം തനിക്ക് നേരെ കാറില്‍വെച്ച് നടന്ന ആക്രമണം വിശദീകരിച്ച് പ്രമുഖ നടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല