സ്വന്തം ലേഖകന്‍: മക്കയില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയായതായി നടിയും മോഡലുമായ സോഫിയ ഹയാത്. ഉംറയില്‍ പങ്കെടുക്കാന്‍ പ്രതിശ്രുത വരന് വ്ലാദിനൊപ്പം സോഫിയ മക്കയില്‍ പോയപ്പോഴായിരുന്നു സംഭവം. ആള്‍ക്കുട്ടത്തില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുന്ന വീഡിയോ സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇസ്ലാമിനെ ഇത്രയേറെ സ്നേഹിക്കുന്നത്. രണ്ടാം വട്ടമാണ് ഞാന്‍ ഉമ്രയില്‍ പങ്കെടുക്കുന്നത്. തിരക്കിനിടയില്‍ വച്ചാണ് ഒരാള്‍ മോശമായ രീതിയില്‍ പെരുമാറിയത്. സംഭവം കണ്ടുനിന്ന ചില നല്ല പുരുഷന്മാര് എന്റെ രക്ഷയ്ക്കെത്തി,’ സോഫിയ പറയുന്നു.
രണ്ടാം വട്ടമാണ് ഉമ്രയ്ക്കെത്തുന്നത്. തിരക്കിനിടെ സ്ത്രീകളെ കായികമായി നേരിടുന്ന പലരേയും കണ്ടു. ചില നല്ല മനുഷ്യര്‍ കാരണം മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും അള്ളാഹുവിന്റെ ഭൂമിയില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കാതിരിക്കട്ടെയെന്നും സോഫിയ വീഡിയോയിലൂടെ പറഞ്ഞു. ഹജറുല്‍ അസ് വദ്( ക അബയിലെ മൂലയില്‍ സ്ഥാപിച്ച കല്ല്) സ്പര്‍ശിക്കാന്‍ ഒരു മീറ്റര്‍ ദൂരം മാത്രം എത്തി നില്‍ക്കെ ആയിരുന്നു സോഫിയ ആക്രമിക്കപ്പെട്ടത്.
അതിശക്തമായിട്ടായിരുന്നു പുരുഷന്മാര് തള്ളിയിരുന്നത്. വാരിയെല്ലുകള്‍ ഞെരിഞ്ഞമര്‍ന്ന് ശ്വസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഒരുപാട് ഭയപ്പെട്ടുപോയി. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകവെ താന്‍ തിരിഞ്ഞ് നില്ക്കാന് തീരുമാനിച്ചു. അപ്പോഴും പുരുഷന്മാര് തിക്കിത്തിരക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ആളുകള്‍ക്കിടയില്‍ തന്റെ ഹിജാബ് കുടുങ്ങിപ്പോയി എന്നും സോഫിയ പറയുന്നുണ്ട്. തനിക്ക് ശ്വാസം മുട്ടിയെന്നും സോഫിയ പറയുന്നു.
പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും ആഗ്രഹിക്കുന്നതാണ് ഹജറുല്‍ അസ് വദില്‍ സ്പര്‍ശിക്കുക എന്നത്. അതുകൊണ്ട് സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഒരു ദിനം അനുവദിക്കണം എന്ന് സൗദി രാജാവിനോട് അപേക്ഷിക്കുകയും ചെയ്യുന്നുണ്ട് സോഫിയ. ബിഗ് ബോസ് 7 ലെ മത്സരാര്‍ത്ഥി ആയിരുന്ന മോഡലും ഗായികയും നടിയുമായ സോഫിയ 2012 ല്‍ വോഗ് മാസികയുടെ കര്‍വി ഐക്കണ്‍ പട്ടം സ്വന്തമാക്കിയിരുന്നു. 2013 ല്‍ എഫ്എച്ച്എം മാസിക ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീകളില്‍ ഒരാളായി സോഫിയയെ തെരഞ്ഞെടുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല