സ്വന്തം ലേഖകന്‍: തീവ്രവാദം ബന്ധം ആരോപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ലണ്ടനിലെ യുഎസ് എംബസി നാണംകെട്ടു. ഹാര്‍വി കെന്യാന്‍ എന്ന മൂന്നു മാസക്കാരനാണ് അങ്ങനെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നയാള്‍ എന്ന അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കിയത്. അമ്മയുടെ ദേഹത്ത് അള്ളിപ്പിടിച്ചിരുന്നായിരുന്നു ചോദ്യം ചെയ്യലിനായി ഹാര്‍വിയുടെ വരവ്.
കഴിഞ്ഞ ദിവസം വിസ പേപ്പര്‍ പൂരിപ്പിക്കുന്നതിനിടെ ഹാര്‍വിയുടെ മുത്തച്ഛന്‍ പോള്‍ കെന്യാന് പറ്റിയ ചെറിയൊരു പിശകാണ് സംഭവങ്ങളുടെ തുടക്കം. താങ്കള്‍ എതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനത്തിലോ, ചാരക്കേസിലോ മറ്റോ പ്രതിയായിട്ടുണ്ടോയെന്ന് വിസ പേപ്പറിലെ ചോദ്യത്തിന് പോള്‍ അബദ്ധത്തില്‍ ‘അതെ’ എന്ന കോളം ടിക്ക് ചെയ്യുകായിരുന്നു. ഇതൊന്നുമറിയാതെ ഫ്‌ലോറിഡയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോവാന്‍ വിമാനത്താവളത്തിലെത്തിയ കെന്യാന് അധികൃതര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ചു.
പിന്നീട് പത്ത് മണിക്കൂറോളം യാത്ര ചെയ്താണ് കുഞ്ഞു ഹാര്‍വിയുമായി രക്ഷിതാക്കള്‍ യുഎസ് എംബസി അധികൃതര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ‘ചോദ്യം ചെയ്യലി’നിടെ കെന്യാന്‍ ഒരു നിമിഷം പോലും കരഞ്ഞില്ലെന്ന് കെന്യാന്റെ മുത്തച്ഛന്‍ പോള്‍ കെന്യാന്‍ പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ ഹാര്‍വി കെന്യാണിനെ കണ്ടപ്പോള്‍ യുഎസ് എംബസി അധികൃതര്‍ കുറച്ചൊന്നുമല്ല ഞെട്ടിയത്. ഒടുവില്‍ ചോദ്യം ചെയ്യലിനും മറ്റ് നടപടി ക്രമങ്ങള്‍ക്കും വിസ നിഷേധിക്കപ്പെടുകയും യാത്ര മുടങ്ങുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല