സ്വന്തം ലേഖകന്‍: അപ്രതീക്ഷിത നീക്കത്തില്‍ ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസാ മേയ്, തെരഞ്ഞെടുപ്പ് ജൂണ്‍ 8 ന്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുളള പാര്‍ലമെന്റിന് ഇനിയും മൂന്നു വര്‍ഷ കാലാവധിയുള്ളപ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ തെരേസമേയ് ഏവരെയും ഞെട്ടിച്ചത്. യുറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരാനുള്ള തീരുമാനത്തിന് ശേഷം പ്രതിപക്ഷ കക്ഷികളില്‍ നിന്നടക്കം ശക്തമായ സമ്മര്‍ദ്ദം നിലനില്‍ക്കവെയാണ് മെയുടെ പ്രഖ്യാപനം.
പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി തേടിയുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം ഇതിന് അംഗീകാരം ലഭിക്കാന്‍. ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്തുണക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അറിയിച്ചിരുന്നു. ഔദ്യോഗിക വസതിക്കു മുന്നില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെരേസ് മേയ് നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
യുറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകാന്‍ ബ്രിട്ടന് ജനത എടുത്ത തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ ശക്തമായ സര്‍ക്കാര്‍ വേണമെന്നതിനാലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തില്ലന്ന മുന്‍ തീരുമാനം തിരുത്തിക്കൊണ്ടാണ് തെരേസ മേയുടെ അപ്രതീക്ഷിത നീക്കം. ബ്രെക്സിറ്റ് നടപ്പാക്കാന്‍ കൂടുതല്‍ ശക്തമായി തിരിച്ചു വരാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കൂടുതല്‍ സീറ്റോടെ അധികാരത്തില്‍ തിരിച്ചു വരാന്‍ സാധിക്കുമെന്നും തെരേസ മേയ് കണക്കുകൂട്ടുന്നു. ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷുകാര്‍ വോട്ടു ചെയ്തതിന് ശേഷമാണ കഴിഞ്ഞ ജൂണില്‍ തെരേസ മേയ് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തത്. ചുരുങ്ങിയ കാലയളവില്‍ തന്നെ മികച്ച പ്രധാനമന്ത്രിയെന്ന പേരു നേടാന്‍ അവര്‍ക്കായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെബി കോര്‍ബിനും സ്വാഗതം? ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല