സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തു, മൂന്നു മണിക്കൂറിനുള്ളില്‍ ജാമ്യവും. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തില്‍ വിട്ടു. അറസ്റ്റ് നടന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ് മല്യയ്ക്ക് ജാമ്യം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് ലണ്ടനില്‍ താമസിക്കുകയായിരുന്നു മദ്യരാജാവും വ്യവസായിയുമായ വിജയ് മല്യ.
മല്യയുടെ മദ്യക്കമ്പനിയായ കിംഗ് ഫിഷറിന്റെ കോടികളുടെ കടം വീട്ടാതെ രാജ്യം വിടുകയായിരുന്നു ഇയാള്‍. ഒന്‍പതിനായിരം കോടിയുടെ കടമാണ് മല്യയുടേ പേരിലുള്ളത്. വായ്പയെടുത്ത കോടികള്‍ തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയെ സമീപിച്ചത്. മല്യയെ ലണ്ടന്‍ ഇന്ത്യയ്ക്ക് കൈമാറാനാണ് സാധ്യത. ഇതിനായി സിബിഐയുടെ പ്രത്യേക സംഘം ഉടനെ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മല്യയോട് നിരവധി തവണ ഇന്ത്യയിലേക്ക് തിരികെ വരാനും കോടതിയില്‍ നിയമനടപടികള്‍ നേരിടാനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മല്യ അത് നിരസിക്കുകയായിരുന്നു. 17 ബാങ്കുകളില്‍ നിന്നായി ഏഴായിരം കോടി രൂപ വായ്പയും പലിശയും അടക്കം 9, 000 കോടി രൂപയാണ് കിംഗ് ഫിഷറിന്റെ കടം. ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഒടുവില്‍ മല്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മല്യയുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാര്‍ പ്രകാരം മല്യയെ വിട്ടുതരണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് കത്ത് മുഖേനെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മല്യയുടെ സാമ്പത്തിക ഇടപാടുകള്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്. വായ്പാതുക തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമായി മല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
6,630 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് വകുപ്പ് കണ്ടുകെട്ടിയത്. 200 കോടി വിലമതിക്കുന്ന മഹാരാഷ്ട്രയിലെ ഫാം ഹൗസ്, 800 കോടി വിലയുള്ള ബെംഗളൂരുവിലെ വീട് എന്നിവയടക്കമാണ് പിടിച്ചെടുത്തത്. വിജയ് മല്യയെ ഇന്ത്യന്‍ സര്‍ക്കാര്‍ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ത്യയ്ക്ക് തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ കൈമാറുന്നതിനെ മല്യയ്ക്ക് കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവസരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല