സ്വന്തം ലേഖകന്‍: കാമറ ക്ലിക്കു ചെയ്യാന്‍ നിന്നില്ല, മിടിപ്പു നിലക്കാന് പോകുന്ന കുരുന്നു ജീവനും എടുത്തുകൊണ്ട് ഓടി, സിറിയന്‍ യുദ്ധമുഖത്തുനിന്ന് മനുഷ്യത്വത്തിന്റെ പുതിയ മുഖമായി ഒരു ഫോട്ടോഗ്രാഫര്‍. അബ്ദല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയന്‍ ഫോട്ടോഗ്രാഫറാണ് ഒരു കുരുന്നു ജീവന് രക്ഷിക്കാനായി വേണ്ടെന്നു വച്ച ദൃശ്യങ്ങളുടെ പേരില്‍ ലോകം മുഴുവന്‍ തരംഗമായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച സിറിയയില്‍ അഭയാര്‍ത്ഥി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 68 കുട്ടികളടക്കം 126 പേരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ ചിന്നിചിതറി. ബോംബ് സ്ഫോടനത്തിന് ദൃക്സാക്ഷിയായ ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമായ അബ്ദല്‍ ഖാദര്‍ ഹബാക്ക് ആദ്യം എന്തു ചെയ്യണമെന്ന് തീരുമാനിക്കാനായില്ല. ആ രംഗം ഭയാനകമായിരുന്നുവെന്നാണ് ഹബാകിന്റെ പ്രതികരണം. സ്വന്തം കണ്മുന്നില് കുരുന്നുകള്‍ മരിച്ചുവീഴുന്നത് കണ്ടപ്പോള്‍ ഹൃദയം പിടഞ്ഞു. ആദ്യമുണ്ടായ ഞെട്ടലില്‍ നിന്നും ആത്മസംയമനം വീണ്ടെടുത്ത ഹബക് പിന്നെയൊന്നും നോക്കിയില്ല. സഹപ്രവര്‍ത്തകരേയും കൂട്ടി പരുക്കേറ്റവരെ രക്ഷിക്കാന്‍ മുന്നോട്ട് കുതിച്ചു.
ചോരയില്‍ കുളിച്ച് നിലത്ത് കിടന്നിരുന്ന ഒരു കുട്ടിയെ ആണ് ഹബക് ആദ്യം കണ്ടത്. ജീവനില്ലെന്ന് കണ്ടപ്പോള്‍ ഹബക് തൊട്ടടുത്ത് കിടന്നിരുന്ന മറ്റൊരു കുട്ടിയുടെ അടുത്തേക്ക് ഓടി. ആ കുട്ടിയ്ക്ക് ജീവനില്ലെന്ന് ആ സമയം ആരോ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍ കുരുന്നിന്റെ ശരീരത്തില്‍ നേരിയ മിടിപ്പുണ്ടെന്ന് മനസ്സിലായതോടെ ഹബക് അവനെ നെഞ്ചോട് ചേര്‍ത്ത് പാഞ്ഞു. ‘ആ കുട്ടി എന്റെ കയ്യില്‍ ഉറക്കെപിടിച്ച് എന്നെ തന്നെയാണ് നോക്കിയിരുന്നത്,’ ഹബക് പറയുന്നു. മറ്റൊരു ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍റാഗബാണ് ഹബക് കുട്ടിയെ രക്ഷിക്കാന്‍ ഓടുന്ന ചിത്രം പകര്‍ത്തിയത്.
ബോംബ് സ്ഫോടനം നടന്ന സിറിയന്‍ അഭയാര്‍ഥി ബസ്സില്‍ നിന്ന് ഹൃദയമിടിപ്പ് മാത്രം അവശേഷിപ്പിച്ച് കിടന്ന ബാലനെയും എടുത്ത് ഓടുന്ന ഫോട്ടോഗ്രാഫറുടെ ദൃശ്യം ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടാന്‍ വൈകിയില്ല. ആറോ ഏഴോ വയസ്സുള്ള കുഞ്ഞിനെ ആംബുലന്‍സിലാക്കി വീണ്ടും രക്ഷാപ്രവര്‍ത്തനത്തിലേക്ക് ഹബ്ബാക്ക് മടങ്ങി. ആ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് ഹബ്ബാക്കിനറിയില്ല. മറ്റൊരു കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവന് മരിച്ചു കിടക്കുകയാണെന്ന് അറിഞ്ഞ് കുട്ടിക്കരികില്‍ നിന്ന് അലമുറയിട്ട് കരയുന്ന ഹബ്ബാക്കിന്റെ ദൃശ്യവും മറ്റൊരു ഫോട്ടോഹ്രാഫര്‍ പകര്‍ത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല