സ്വന്തം ലേഖകന്‍: പോര്‍വിളികള്‍ക്കിടെ ഭാവനയില്‍ യുഎസില്‍ ബോംബിട്ട് ഉത്തര കൊറിയ, പ്രതീകാത്മക വീഡിയോ കണ്ട് കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ച് ഏകാധിപതി കിം ജോങ് ഉന്‍. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല് സുങ്ങിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക ആഘോഷത്തിനിടെയാണ് അമേരിക്കയില്‍ ബോംബിടുന്നതിന്റെ വീഡിയോ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചത്.
ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെയും സൈന്യത്തിന്റെയും സാന്നിധ്യത്തിലായിരുന്നു വീഡിയോ പ്രദര്‍ശനം. ബോംബാക്രമണത്തില്‍ തകരുന്ന അമേരിക്കയെ കണ്ട് കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന പ്രസിഡന്റ് കിം ജോങ് ഉന്നിനെയും വീഡിയോയില്‍ കാണാം. ഉത്തര കൊറിയന്‍ സര്‍ക്കാര്‍ ചാനലിലാണ് ഈ ദൃശ്യങ്ങള്‍ സംപ്രേഷണങ്ങള്‍ ചെയ്തത്.
പേര് വ്യക്തമാക്കാത്ത ഒരു അമേരിക്കന്‍ നഗരത്തില്‍ ഉത്തര കൊറിയ തൊടുത്തു വിട്ട ഭൂഖണ്ഡാനന്തര മിസ്സൈല്‍ പതിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. എരിയുന്ന നഗരത്തില്‍ കീറിപ്പറിഞ്ഞ അമേരിക്കന്‍ പതാകയെയും പ്രതീകാത്മകമായി വീഡിയോയില്‍ കാണിച്ചിരിക്കുന്നു. അതിനിടെ, ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണങ്ങളില്‍ ചൈന വീണ്ടും കടുത്ത ആശങ്ക അറിയിച്ചു.
നിരന്തരം മിസൈല്‍ പരീക്ഷണങ്ങളും ആയുധ പ്രദര്‍ശനങ്ങളും പോര്‍വിളികളുമായി അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളെ പ്രകോപിക്കുന്നതിനിടയിലാണ് വീഡിയോയുമായി ഉത്തര കൊറിയ വീണ്ടും എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല