സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള തെരേസാ മേയ് സര്‍ക്കാരിന്റെ തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം, തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കളിയാണെന്ന ആരോപണം തള്ളി പ്രധാനമന്ത്രി. പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 13 നെതിരെ 522 പേര് തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ രാജ്യം ഇനി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് കടക്കും. ചൊവ്വാഴ്ചയാണ് ജൂണില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന അപ്രതീക്ഷിത നീക്കവുമായി തെരേസ മേയ് രംഗത്തെത്തിയത്.
ഇടക്കാല തെരഞ്ഞെടുപ്പു നടത്താല്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചപ്പോള്‍ 56 അംഗങ്ങളുള്ള സ്കോട്ടീഷ് നാഷണല്‍ പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത് വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. രാജ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലാതെ ബ്രക്സിറ്റ് നടപ്പിലാക്കാന്‍ വ്യക്തമായ ജനപിന്തുണയുള്ള സര്‍ക്കാര്‍ അനിവാര്യമാണെന്നും അതിനായാണ് താന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് തെരേസാ മേയ് വ്യക്തമാക്കി.
തെരേസാ മേയും പ്രതിപക്ഷ നേതാവ് തമ്മില്‍ നേര്‍ക്കു നേര് ഏറ്റുമുട്ടലിനും പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചു. 2020വരെ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ചിരുന്ന പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ ഒറ്റതീരുമാനംകൊണ്ട് അവരെ വിശ്വസിക്കാനാകില്ലെന്ന് ജനങ്ങള്‍ക്കു ബോധ്യമാകുമെന്ന് കോര്ബിന് തുറന്നടിച്ചു.എന്നാല്‍ ലേബര്‍ പാര്‍ട്ടി ഭരിച്ച് പാപ്പരാക്കിയ ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറ്റിയതും ഇപ്പോള്‍ ജനഹിതം അനുസരിച്ച് ബ്രക്സിറ്റ് നടപ്പാക്കാന്‍ ശേഷിയുള്ളതും തങ്ങള്‍ക്കു മാത്രമാണ് എന്നായിരുന്നു തെരേസാ മേയുടെ മറുപടി.
ജെറമി കോര്ബിന് പ്രതിപക്ഷസ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹമാണ് തെരേസാ മേയ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. മേയ് നാലിന് കോര്ബിന് സ്ഥാനമൊഴിയുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ലേബര്‍ പാര്‍ട്ടിയില്‍ പുതിയ നേതൃത്വം എത്തുന്നതോടെ ബ്രെക്സിറ്റ് നടപടികള്‍ ബുദ്ധിമുട്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രീയം കളിക്കുകയാണ് താനെന്ന ആരോപണങ്ങള്‍ മേയ് തള്ളിക്കളഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല