സ്വന്തം ലേഖകന്‍: ശുദ്ധമായ സസ്യാഹാരവും, ബൈബിള്‍ വായനയും, പുതിയ ലോക മുത്തശിയായ ജമൈക്കക്കാരി വയലറ്റ് മോസി ബ്രൗണിന്റെ ആരോഗ്യ രഹസ്യം. ഇറ്റലിക്കാരി എമ്മാ മൊറാനോ 117 ആം വയസ്സില്‍ അന്തരിച്ചതോടെയാണ് ജമൈക്കക്കാരി വയലറ്റ് മോസി ബ്രൗണിനെ തേടി ലോക മുത്തശിയെന്ന പദവിയെത്തിയത്. ജമൈക്കക്കാരുടെ പ്രിയ വിഭവമായ കൗഫൂട്ടാണ് മോസിയുടെ പ്രിയ ഭക്ഷണം. ചിക്കനും പന്നിയിറച്ചിയും തീരെ തൊടാത്ത ഇവര്‍ 1900 മാര്‍ച്ച് 10 നാണ് ജനിച്ചത്.
117 വര്‍ഷവും 38 ദിവസവും പിന്നിട്ട ബ്രൗണ്‍ ട്രിലാവ്നി ഡ്യുവാണ് വാലിയിലെ ജനിച്ച അതേ വീട്ടിലാണ് ഇപ്പോഴും താമസം. 97 വയസ്സുള്ള മൂത്തമകന് ഫെയര്‍ വെതര്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ പിതാവാണ്. മോസ് ബ്രൗണിന്റെ മാതാപിതാക്കള്‍ പോലും 96 വയസ്സുവരെ ജീവിച്ചിരുന്നവരാണ്. മുമ്പ് അടിമയായിരുന്ന ഇവര്‍ തന്റെ തൊഴിലുടമയ്ക്ക് വേണ്ടി കരിമ്പുതോട്ടത്തിലും അവരുടെ വീടുകളിലും ജോലി ചെയ്തിരുന്നു.
പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി കരിമ്പുകൃഷി ചെയ്തു. ഈ കാലത്ത് കരിമ്പ് കഴുതയുടെ പുറത്തോ സ്വയം തലച്ചുമടായോ കൊണ്ടുപോയി ആയിരുന്നു വില്‍പ്പന നടത്തിയിരുന്നത്. നഗരത്തില്‍ പിന്നീട് ഒരു ചായക്കട തുറന്നു. സംഗീതാദ്ധ്യാപികയായും ജോലി ചെയ്തു. പച്ചക്കറികളും മത്സ്യവും ആട്ടിറച്ചിയും ചിലപ്പോഴൊക്കെ കൗഫൂട്ടുമായിരുന്നു ഇഷ്ടമുള്ള വിഭവങ്ങള്‍. എന്നാല്‍ പന്നിയിറച്ചിയോ ചിക്കനോ കഴിച്ചിരുന്നേയില്ല.
ഉരുളക്കിഴങ്ങ്, ഓറഞ്ചും മാമ്പഴവും പോലെയുള്ള പഴങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ശക്തമായി ക്രൈസ്തവ വിശ്വാസത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ ബൈബിള്‍ പതിവായി വായിച്ചിരുന്നു. സെമിത്തേരി സൂക്ഷിപ്പുകാരനായിരുന്ന അഗസ്റ്റസ് ഗെയ്നര്‍ ബ്രൗണ്‍ ആയിരുന്നു ഭര്‍ത്താവ്. ആറ് കുട്ടികള്‍ ആയശേഷം ഭര്‍ത്താവ് മരിച്ചു. ആദ്യമായി വിമാനവും കാര്‍ കണ്ടതുമെല്ലാം താന്‍ ഇപ്പോഴും ഓര്ത്തുവക്കുന്നതായി മോസി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല