സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി വീണ്ടും ദുബായ് വിമാനത്താവളത്തിനു സ്വന്തം. കഴിഞ്ഞ വര്‍ഷം എട്ട് കോടിയിലധികം പേരാണ് ദുബായ് വിമാനത്താവളം വഴി പറന്നത്. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി ദുബായ്ക്ക് ലഭിക്കുന്നത്. എട്ട് കോടി മുപ്പത് ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ദുബായ് വഴി കടന്നു പോയത്.
വിമാനത്താവളങ്ങളുടെ ട്രേഡ് അസ്സോസിയേഷനായ എയര്‍പോര്‍ട്ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിലാണ് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബായ് വിമാത്താവളമാണ് ഒന്നാമതെന്ന് വ്യക്തമാക്കുന്നത്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലാണ് ദുബായ്ക്ക് ഒന്നാം സ്ഥാനം. 2015 നേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 7.2 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ദുബായേ രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലണ്ടനിലെ ഹിത്രോ വിമാനത്താവളവും ഹോങ്കോങ് വിമാനത്താവളവുമാണ് പട്ടകയില്‍ ദുബായ്ക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്ത്. 2015ലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് പട്ടികയില്‍ ഒന്നാമതായിരുന്നു. അതേസമയം, മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ്ക്ക് മൂന്നാം സ്ഥാനമാണ്. ഇക്കാര്യത്തില്‍ അറ്റ്ലാന്റ രാജ്യാന്തര വിമാനത്താവളമാണ് ഒന്നാമത്. ചരക്ക് നീക്കത്തിന്റെ കാര്യത്തില്‍ ദുബായ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഇക്കാര്യത്തില്‍ ഹോങ്കോങ് ആണ് ഒന്നാമത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല