സ്വന്തം ലേഖകന്‍: സായുധ പോലീസിനു മുന്നില്‍ നെഞ്ചുവിരിച്ച് ഒറ്റക്കൊരു സ്ത്രീ, വെനിസ്വേലയില്‍ നിന്നുള്ള വീരനായികയുടെ ചിത്രം തരംഗമാകുന്നു. വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക്കിടെ സായുധ ട്രക്കുകള്‍ക്കു മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുടെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഒരു ഹൈവേയിലൂടെ കടന്നുവരുന്ന പട്ടാള ട്രക്കിനുമുന്നില്‍ നില്‍ക്കുന്ന ലാ ദാമ എന്നറിയപ്പെടുന്ന സ്ത്രീയുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത് എഎഫ്പി ഫോട്ടോഗ്രാഫര്‍ യുവാന്‍ ബറേറ്റോ ആണ്.
സ്‌പെയിനിന്റെ ആധിപത്യത്തില്‍ നിന്നും വെനിസ്വേല സ്വതന്ത്രമായതിന്റെ ഓര്‍മദിനമായ ഏപ്രില്‍ പത്തൊമ്പതിനാണ് ഈ സ്ത്രീ പട്ടാള ട്രക്കിനു മുന്നിലേക്ക് നടന്നടുത്തത്. അതോടെ ട്രക്ക് പിന്‍വാങ്ങുകയും പിന്നോട്ടെടുക്കുന്ന ട്രക്കിനുമുന്നിലായി, തിരിച്ചുനടക്കാതെ ലാ ദാമ ട്രക്കിനെ ‘പിന്‍തുടരുക’യും ചെയ്തു. വെനിസ്വേലയുടെ ദേശീയ പതാകയിലെ നിറങ്ങളുള്ള തൊപ്പിയും, ദേശീയപതാക കഴുത്തില്‍ സ്‌കാര്‍ഫ് ആയി ചുറ്റിയുമാണ് ലാ ദാമ എത്തിയത്.
തൊട്ടടുത്ത് സ്‌ഫോടനങ്ങള്‍ നടക്കുന്നതൊന്നും ലാ ദാമയെ അലട്ടിയതേയില്ല. സൈനികര്‍ ഇവര്‍ക്കുനേരെ എന്തോ എറിയുന്നതും ലൗഡ്‌സ്പീക്കറിലൂടെ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ടിയാനന്‍മെന്‍ സ്‌ക്വയറിലെ ‘ടാങ്ക് മാന്‍’ എന്ന ഫോട്ടോയുമായി ഈ ഫോട്ടോക്ക് നല്ല സാമ്യമുണ്ട്. നാല് ചൈനീസ് മിലിട്ടറി ടാങ്കുകളുടെ നിരയെയാണ് 1989 ല്‍ ടാങ്ക് മാന്‍ ഒറ്റക്ക് നിര്‍ത്തിച്ചത്. കാരക്കാസിനെ കുറിച്ചും ലാ ദാമയെക്കുറിച്ചും അഭിമാനം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു.
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ സമരം ശക്തമാകുകയാണ്. പ്രതിപക്ഷം തെരുവിലിറങ്ങിയപ്പോള്‍ സായുധ സേനയെയും മഡുറോ തെരുവിലിറക്കി. മഡുറോ ഏകാധിപത്യം സൃഷ്ടിച്ചിരിക്കുകയാണ് എന്ന് ജനങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം ഭയന്ന് മഡുറോ പ്രാദേശിക, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ വൈകിക്കുകയാണ് എന്നും ആരോപണമുണ്ട്. പ്രതിപക്ഷം കൈകാര്യം ചെയ്തിരുന്ന നിയമനിര്‍മാണ വകുപ്പ് മഡുറോയുടെ യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി തിരിച്ചുപിടിച്ചതോടെ പ്രതിപക്ഷം മഡുറോയ്‌ക്കെതിരെ സമരം ശക്തമാക്കി.
വെനിസ്വേലയില്‍ നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പ്രതിഷേധം ദിനംപ്രതി ശക്തമാകുന്നത്. വിലക്കയറ്റവും വിപണിയില്‍ലെ അനിശ്ചിതാവസ്ഥയും ജനങ്ങളെ രോഷാകുലരാക്കുകയും തെരുവില്‍ ഇറക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പരയുന്നു. അധികകാലം ജനരോഷം സായുധ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്തിവക്കന്‍ പ്രസിഡന്റിന് കഴിയില്ല എന്നതിന്റെ തെളിവാണ് ലാ ദാമയുടെ ചിത്രമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല