സ്വന്തം ലേഖകന്‍: കശ്മീരില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് പരുക്കേറ്റ പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ ഓടുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ദര് യാസിന് പരിക്കേറ്റ പെണ്‍കുട്ടിയുമായി പോകുന്ന ദൃശ്യമാണ് ഇത്. ശ്രീനഗറിലെ നാവക്കടലില് കഴിഞ്ഞ ദിവസമാണ് സംഭവം. ശ്രീനഗറില്‍ സുരക്ഷ സേനക്കു നേരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രമെടുക്കാന്‍ വന്നതായിരുന്നു ഫോട്ടോ ജേര്‍ണലിസ്റ്റായ ദര് യാസിന്.
അപ്പോഴാണ് ആക്രമണത്തില്‍ പരിക്കേറ്റ് രക്തമൊലിച്ചുകിടക്കുന്ന കുശ്ബു ജാന്‍ എന്ന പന്ത്രണ്ട് വയസ്സുകാരി യാസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സമയം ഒട്ടും കളയാതെ തന്നെ ദര് യാസിന് തന്റെ ക്യാമറ ഉപേക്ഷിച്ച്, തറയില്‍ വീണുകിടക്കുന്ന പെണ്‍കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കല്ല് തുളഞ്ഞു കയറി വേദനയില്‍ പുളഞ്ഞ് കരയുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്റെ മകളെ ഓര്‍ത്തുപോയെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു.
‘എനിക്കും രണ്ട് പെണ്‍കുട്ടികളാണ് അവരിലൊരാളായാണ് ആ കുട്ടിയെ തോന്നിയത്. കാശ്മീരില്‍ ഇങ്ങനെ ധാരാളം പേര് സുരക്ഷക്കായി ശ്രമിക്കുന്നുണ്ടെന്നും താന്‍ ആദ്യത്തെ വ്യക്തിയല്ലെ’ന്നുമാണ് ദര് യാസിന് പറയുന്നത്. പെണ്‍കുട്ടിയേയും കൈയ്യിലേന്തി യാസിന് പോകുന്ന ദൃശ്യം മറ്റൊരു ഫോട്ടോഗ്രാഫര്‍ ആയ ഫൈസല്‍ ഖാന് ക്യാമറയില്‍ പകര്‍ത്തി, സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുമ്പോഴാണ് ലോകം യാസിനെപ്പറ്റി അറിയുന്നത്.
43 വയസ്സുള്ള ദര് യാസിന് 2002 മുതല്‍ കാശ്മീരിലാണ്. തന്റെ മേഖലയില്‍ ഇതിനോടകം തന്നെ 15 ലധികം ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് യാസിന്. കഴിഞ്ഞ ദിവസം സിറിയന്‍ ഫോട്ടോഗ്രാഫറും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദ് അല്ക്കാദര് ഹാബാക്ക് സിറിയയില്‍ വിമതരുടെ അക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ രക്ഷിക്കാനായി ഓടുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല