സ്വന്തം ലേഖകന്‍: എം എം മണി മൂന്നാര്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ചതായി ആരോപണം, തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് വളച്ചൊടിച്ചതായി മണി. കാലില്‍ വീണ് മാപ്പു പറയണമെന്ന് പൊമ്പിളൈ ഒരുമൈ, ഇടുക്കിയില്‍ ഹര്‍ത്താല്‍. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. സമരകാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നും ഒന്നാം മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലത്ത് ദൗത്യസംഘതലവന്‍ സുരേഷ്കുമാറും മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മദ്യപാനത്തിലായിരുന്നുവെന്നും എം.എം. മണി ആരോപിച്ചു.
‘പൂച്ച പഴയ നമ്മുടെ പൂച്ച അന്ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കുടിയും സകല പരിപാടികളുമായിരുന്നു. പൊമ്പിളൈ ഒരുമൈ അവരും കുടിയും സകല പരിപാടികളുമായി നടന്നിരുന്നു. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡി.വൈ.എസ്.പിയുമുണ്ടായിരുന്നു,’ മണി തട്ടിവിട്ടത്. ഈ ദ്വയാര്‍ത്ഥ പരാമര്‍ശമാണ് പിന്നീട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് എതിരായ പരാമര്‍ശം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതോടെ മണിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. പറഞ്ഞത് വളച്ചൊടിക്കപ്പെട്ടാല്പ്പോലും മണി ഉപയോഗിച്ച ഭാഷ ഒരു മന്ത്രിക്ക് ചേരാത്തതാണെന്ന കാര്യത്തില്‍ മിക്കവരും യോജിക്കുന്നു. മൂന്നാറില്‍ മന്ത്രി എം എം മണിയ്ക്കെതിരെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി.
വനിതാ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ഇടപെട്ട് അറസ്റ്റു നീക്കം തടഞ്ഞു. സ്ത്രീ വോട്ടു നേടി ജയിച്ചിട്ട് സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണ് മണിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പാവം തൊഴിലാളി സ്ത്രീകളെ അപമാനിച്ചതില്‍ മാപ്പു പറയണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ‘എം.എം മണി, ഇന്ത ടൗണില്‍ പബ്ലികാ വന്ന് എങ്കളെ കാലില്‍ വീണ് മാപ്പു പറയണം. ചുമ്മാ വിടമാട്ടെ.. കാലില്‍ വീണ മാപ്പുപറയണം.’ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ നടത്തിയ പ്രസംഗം എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിലൂടെ സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി എം.എം മണി വ്യക്തമാക്കി. താന്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. പ്രതിഷേധം ആരോ ഇളക്കി വിട്ടതാണെന്നും ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ എന്‍.ഡി.എ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മന്ത്രി എം.എം മണിയുടെ കോലം കത്തിച്ചും എന്‍.ഡി.എ രംഗത്തെത്തി. വാര്‍ത്ത ശരിയാണെങ്കില്‍ മണിയുടെ പ്രസ്താവന അങ്ങേയറ്റം തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ മണിയോട് വിശദീകരണം തേടുമെന്നും കോടിയേരി പറഞ്ഞു. മണിയുടെ പ്രസംഗം കേള്‍ക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല