സ്വന്തം ലേഖകന്‍: കത്തിക്കുത്തില്‍ ശരീരത്തില്‍ കുടുങ്ങിയ കത്തിയുടെ ഭാഗം അഞ്ചര മാസത്തിനു ശേഷം തനിയെ പുറത്തുവന്നു! ശരീരത്തില്‍ കത്തിയുമായി അഞ്ചര മാസം നടന്ന തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ചികിത്സ തേടിയ കിളിമാനൂര്‍ പോങ്ങനാട് മുണ്ടയില്‍കോണം മേലേവിള വീട്ടില്‍ അജയകുമാറിന്റെ (48) ശരീരത്തില്‍നിന്നാണ് കത്തിയുടെ ഭാഗം കിട്ടിയത്.
ശരീരത്തില്‍ നിന്നും കിട്ടിയ കത്തിയുടെ ഭാഗത്തിന് നാലരസെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു. കിളിമാനൂര്‍ മഹാദേവേശ്വരത്തെ ഒരു ഹോട്ടലിലെ പാചകത്തൊഴിലാളിയാണ് അജയകുമാര്‍. കഴിഞ്ഞ നവംബര്‍ നാലിന് ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടയില്‍ സഹപ്രവര്ത്തകന് ഇയാളെ കത്തികൊണ്ട് കുത്തിയിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുകയും കുത്തേറ്റ സ്ഥലത്ത് തുന്നലിടുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ സ്ഥലമില്ലാത്തതിനാല്‍ അജയകുമാറിനെ കേശവപുരം ആശുപത്രിയിലേക്ക് അന്നുതന്നെ അയച്ചു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം മടങ്ങിയ ഇയാള്‍ക്ക് മുറിവിന്റ ഭാഗം ഓരോ ദിവസം കഴിയുന്തോറും മുഴച്ചു വരുന്നതായി അനുഭവപ്പെടുകയായിരുന്നു.
മൂന്നു മാസം കഴിഞ്ഞപ്പോള്‍ മുറിവിന്റെ ഭാഗത്ത് വേദന തുടങ്ങി. ശനിയാഴ്ച രാത്രി അസഹ്യമായ വേദന മൂലം അജയകുമാര്‍ മുറിവില്‍ ഞെക്കിയപ്പോള്‍ നാലര സെന്റീമീറ്റര്‍ വരുന്ന കത്തി താഴെ വീഴുകയായിരുന്നു. ഇടുപ്പിന് കുത്തേറ്റ് മെഡിക്കല്‍ കോളേജിലെത്തിയ അജയകുമാറിന് എക്സ്റേ എടുപ്പിച്ചിരുന്നു. എന്നാല്‍ എടുത്തത് നെഞ്ചിന്റെ എക്സ്റേ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ചികിത്സയില്‍ അനാവസ്ഥയെന്ന് കാണിച്ച് അധികൃതര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് അജയകുമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല