സ്വന്തം ലേഖകന്‍: പൊമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി എംഎം മണിയുടെ വിവാദ പരാമര്‍ശം, ഒറ്റയാള്‍ പ്രതിഷേധവുമായി നടന് അലന്‍സിയര്‍. മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ഒറ്റയാള്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചാണ് അലന്‍സിയര്‍ രംഗത്തെത്തിയത്. കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.
നേരത്തെ കമലിനെതിരായ സംഘപരിവാര്‍ ആക്രമണം രൂക്ഷമായപ്പോഴും അലന്‍സിയര്‍ ഒറ്റയാന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് അലന്‍സിയര്‍ പ്രതിഷേധ പ്രകടനവുമായി കാസര്‍ഗോഡ് നഗരത്തില്‍ എത്തിയത്.
നേരത്തെ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ മണിക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. മൂന്നാറിലെ പൊമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രി എം.എം. മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത് എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മണിക്കെതിരെ പ്രതിഷേധ നാടകവുമായി അലന്‍സിയര്‍ രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല