സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്, മോഹന വാഗ്ദാനങ്ങളുമായി പാര്‍ട്ടികള്‍, ബ്രിട്ടന്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇലക്ഷന്‍ പ്രഖ്യാപനവും പാര്‍ട്ടികളുടെ പ്രകടന പത്രികകളും തയ്യാറാകുന്നതേ ഉള്ളുവെങ്കിലും മോഹന വാഗ്ദാനങ്ങളുമായി വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടികള്‍ തുടങ്ങിക്കഴിഞ്ഞു. പുറത്തുവന്ന തുടങ്ങിയ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പ്രധാനമന്ത്രി തെരേസാ മേയുടെ വിജയം പ്രവചിക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കി അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍.
ലേബര്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ പ്രൈമറി സ്‌കൂളുകളിലും ആറാംക്ലാസ് വരെ സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി, രാജ്യത്തെ മിനിമം ശമ്പളം മണിക്കൂറിന് പത്തുപൗണ്ട് ആക്കല്‍, നാല് ബാങ്ക് ഹോളിഡേ അധികം അനുവദിക്കല്‍ എന്നിവയാണ് കോര്‍ബിന്റെ പ്രധാന വാഗ്ദാനങ്ങള്‍. ഗ്യാസ്, ഇലക്ട്രിസിറ്റി ചാര്‍ജുകള്‍ വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനവുമായാണ് ടോറികള്‍ കോര്‍ബിനെ എതിരിടുന്നത്.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടണില്‍ മുസ്‌ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുമെന്ന വാഗ്ദാനവുമായാണ് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി (യുക്കിപ്) ഇക്കുറി ഗോദയില്‍ ഇറങ്ങുന്നത്. ഫ്രാന്‍സിന്റേയും മാതൃകയില്‍ മുഖം മറക്കുന്നത് പൂര്‍ണമായും നിരോധിക്കുന്നത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി നേതാവ് പോള്‍ നട്ടല്‍ വ്യക്തമാക്കി.
അതേസമയം ബ്രെക്‌സിറ്റിനായി നിലകൊള്ളുന്ന ടോറികളുമായോ ലേബറുമായോ സഖ്യമുണ്ടാക്കി ഭരണത്തിലെത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് മൂന്നാമത്തെ വലിയ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകളുടെ നേതാവ് ടിം ഫാരന്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയര്‍, ജോണ്‍ മേജര്‍ തുടങ്ങിയ പ്രമുഖരുടെ പിന്തുണയും ബ്രെക്‌സിറ്റ് വിരുദ്ധരായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ആണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല