സ്വന്തം ലേഖകന്‍: ലോക മാസ്റ്റേഴ്സ് ഗെയിംസിലെ 100 മീറ്റര്‍ ഓട്ടത്തില്‍ 101 വയസുകാരിയായ ഇന്ത്യാക്കാരിക്ക് സ്വര്‍ണം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ മാന്‍ കൗറാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മാന്‍ കൗറിന്റെ 17 മത്തെ സ്വര്‍ണ നേട്ടമാണീത്. 100 മീറ്റര്‍ ഒരു മിനിറ്റും 14 സെക്കന്റും സമയം കൊണ്ടാണ് കൗര്‍ താണ്ടിയത്. അതേസമയം 100 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഈ മത്സരത്തിലെ ഏക മത്സരാര്‍ത്ഥിയായിരുന്നു കൗര്‍.
കൗറിന്റെ വിജയത്തെ സമയത്തിന്റെ പേരിലല്ല, പങ്കെടുക്കാന്‍ കാണിച്ച സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ പേരില്‍ ന്യൂസിലന്റ് മാധ്യമങ്ങള്‍ ‘ഛണ്ഡീഗഡിലെ അത്ഭുതം’ എന്ന വിശേഷണം നല്‍കിയാണ് ആദരിച്ചത്. താന്‍ ഇനിയും പങ്കെടുക്കുമെന്നും ഇനിയും ട്രാക്കില്‍ ഓടുമെന്നും മത്സര ശേഷം കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു. എട്ടു വര്‍ഷം മുമ്പ് 93 ആം വയസ്സിലും കൗര്‍ മത്സരിച്ചിരുന്നു.
മകന് ഗുരുദേവ് സിംഗാണ് അന്താരാഷ്ട്ര മാസ്റ്റേഴ്സ് ഗെയിംസ് സര്‍ക്യൂട്ടില്‍ പങ്കെടുക്കാന്‍ മുമ്പ് ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ലാത്ത കൗറിനെ നിര്‍ബ്ബന്ധിച്ചത്. ആവശ്യമായ വൈദ്യപരിശോധനയും മറ്റും നടത്തിയതിന് ശേഷം അമ്മയും മകനും ഇതിനകം ഒരു ഡസനിലധികം മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്. മെഡലിന്റെ കാര്യത്തില്‍ കൗര്‍ ഒളിമ്പിക്സ് നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിനെയാണ് വെല്ലുവിളിക്കുന്നത്.
100 മീറ്ററിന് പുറമേ 200 മീറ്റര്‍ ഓട്ടം, രണ്ടു കിലോ ഷോട്ട്പുട്ട്, 400 ഗ്രാം ജാവലിന്‍ എന്നിവയില്‍ കൂടി മത്സരിക്കുന്നുണ്ട്. ന്യൂസിലന്റില്‍ നടക്കുന്ന മാസ്റ്റേഴ്സ് മീറ്റില്‍ 24,905 അത്ലറ്റുകളാണ് മാറ്റുരക്കുന്നത്. പക്ഷേ 100 വയസ്സിന് മുകളില്‍ മത്സരിക്കാന്‍ കൗര്‍ മാത്രമേയുള്ളൂ. 106 കാരി ജപ്പാന്റെ ഹിദെകിച്ചി മിയാസാക്കിയാണ് 100 വയസ്സിന് മുകളിലുള്ളവരുടെ 100 മീറ്ററിലെ റെക്കോഡുകാരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല