സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോയില്‍ വൃദ്ധനായ മുസ്ലീം യാത്രക്കാരനു നേരെ യുവാക്കളുടെ പരാക്രമം, പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത വൃദ്ധനാണ് ഒരു സംഘം ചെറുപ്പക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ഇരിക്കുന്നതിനായി ഒരു സീറ്റ് ആവശ്യപ്പെട്ട വൃദ്ധനെ യുവാക്കള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് സീറ്റ് വേണമെങ്കില്‍ പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യം വനിതകളുടെ അവകാശ പ്രവര്‍ത്തക കവിത കൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്. ബഹളം നടക്കുന്നതിനിടെ പ്രശ്നത്തില്‍ ഇടപെട്ട എഐസിസിടിയു ദേശീയ സെക്രട്ടറി സന്തോഷ് റോയ്, വൃദ്ധന് സീറ്റ് നല്കാന് യുവാക്കളോട് ആവശ്യപ്പെട്ടു.
ഇത് നിഷേധിച്ച യുവാക്കള്‍ സന്തോഷിന്റെ കോളറിനും കുത്തിപ്പിടിച്ച് പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ട്രെയിന്‍ ഖാന് മാര്‍ക്കറ്റ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവാക്കളെ ഗാര്‍ഡ് പിടികൂടി പോലീസ് കൈമാറുകയായിരുന്നു. അതേസമയം, യുവാക്കള്‍ക്കെതിരെ പരാതി നല്കാന് വൃദ്ധന് തയ്യാറായില്ല. അവരില്‍ രണ്ടു പേര് തന്നോടു മാപ്പുപറഞ്ഞതായും അവരുടെ പ്രായം കണക്കിലെടുത്ത് ക്ഷമിക്കുകയാണെന്നും ഇദ്ദേഹം പോലീസ് സ്റ്റേഷനില്‍ എഴുതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല