സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ വിറപ്പിക്കാന്‍ അമേരിക്കന്‍ അന്തര്‍വാഹിനി ദക്ഷിണ കൊറിയന്‍ തീരത്ത്, മറുപടിയായി സൈനിക ശക്തി പ്രകടനവുമായി ഉത്തര കൊറിയ. യുദ്ധ ഭീതിയില്‍ അയല്‍രാജ്യങ്ങള്‍. യുഎസ് അന്തര്‍വാഹിനിയായ യു.എസ്.എസ് മിഷിഗനാണ് ബുസാന്‍ തീരത്ത് നങ്കൂരമിട്ടത്. ആണവ പരീക്ഷണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന ഉത്തര കൊറിയയുടെ നിലപാട് മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് എല്ലവിധ യുദ്ധ സന്നാഹവുമുള്ള അന്തര്‍വാഹിനി മേഖലയിലെത്തിയത്.
ഉത്തര കൊറിയന്‍ സൈനിക വിഭാഗമായ കൊറിയന്‍ പീപ്പിള്‍ ആര്‍മിയുടെ 85 ആം വാര്‍ഷിക ദിനത്തിലാണ് യുദ്ധ സാധ്യത കടുപ്പിച്ച് യു.എസ് അന്തര്‍വാഹിനി എത്തിയിരിക്കുന്നത്. വാര്‍ഷിക ദിനത്തില്‍ അണുപരീക്ഷണമോ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണമോ നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങളാണ് ഉത്തര കൊറിയ നടത്തിയത്.
മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജപ്പാനിലെ ടോക്യോവില്‍ അമേരിക്ക, ജപ്പാന്‍, ദക്ഷണി കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നില്‍കണ്ട് ഉത്തര കൊറിയന്‍ സൈന്യം വോന്‍സണില്‍ യുദ്ധപരിശീലനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ കൊറിയ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഏത് ആക്രമണവും നേരിടാന്‍ സന്നദ്ധമാണെന്ന് ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രി പാക് യോങ്‌സിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
154 ക്രൂസ് മിസൈലും ചെറിയ അന്തര്‍ വാഹിനികളും വഹിക്കാന്‍ ശേഷിയുള്ളതാണ് മിഷിഗന്‍ അന്തര്‍വാഹിനി. ആണവാക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിക്ക് 560 അടി നീളവും 18,000 ടണ്‍ ഭാരവുമുണ്ട്. വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ തീരത്ത് എത്തിയിരുന്നു. ഇത് മുക്കിക്കളയുമെന്ന ഉത്തര കൊറിയയുടെ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് മിഷിഗനെയും ഇവിടെ എത്തിച്ചത്. കൊറിയന്‍ നഗരങ്ങളിലും സമീപ രാജ്യങ്ങളിലും യുദ്ധഭീതി പരക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല