സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന് അംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാവില്ല, തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്. യൂണിയന് നേതൃത്വം തങ്ങളുടെ അപേക്ഷ താമസിപ്പിക്കുകയാണെങ്കില്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്നും അദ്ദേഹം റോയിട്ടേഴിസ്നു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ 54 വര്‍ഷമായി അംഗത്വത്തിനായി തുര്‍ക്കി യൂനിയെന്റ വാതിലില്‍ മുട്ടുകയാണ്. തങ്ങള്‍ക്ക് മുന്നില്‍ അവര്‍ വാതില്‍ കൊട്ടിയടക്കുകയാണ്.
എന്നാല്‍, എല്ലാവര്ക്കു മുന്നിലും തുര്‍ക്കി വാതില്‍ തുറക്കുകയാണെന്ന് അഭയാര്‍ഥി നയത്തെ സൂചിപ്പിച്ച് ഉര്ദുഗാന് പറഞ്ഞു. പാര്‍ലമെന്ററി അസംബ്ലി ഓഫ് കൗണ്‍സില്‍ ഓഫ് യൂറോപ്പ് (പേസ്) തുര്‍ക്കിക്കെതിരെ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം ഭീകരവാദത്തിനെതിരായ നീക്കങ്ങളില്‍ നാറ്റോയുടെ സഖ്യകക്ഷിയായി തുര്‍ക്കി തുടരുമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മാര്‍ക്ക് റ്റോണര്‍ വ്യക്തമാക്കി.
ഐഎസ് അടക്കമുള്ള ഭീകരശക്തികളെ തുരത്തുന്നതില്‍ തുര്‍ക്കിക്ക് നിര്‍ണായക പങ്കു വഹിക്കാനുണ്ട്. അതിനാല്‍ തുര്‍ക്കി സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. മാത്രമല്ല തുര്‍ക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയുമെന്നും റ്റോണര്‍ പറഞ്ഞു. വടക്കന്‍ സിറയയിലെ കുര്‍ദുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം തുര്‍ക്കി വ്യോമാക്രമണം നടത്തിയിരുന്നു. മറ്റ് സഖ്യകക്ഷികളെ അറിയിക്കാതെയായിരുന്നു തുര്‍ക്കിയുടെ അപ്രതീക്ഷിത ആക്രമണം, ഇത് നാറ്റോയില്‍ രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
അതിനിടെ കഴിഞ്ഞ വര്‍ഷം സൈന്യത്തില്‍ ഒരുവിഭാഗം നടത്തിയ അട്ടിമറിശ്രമത്തിന്റെ പേരില്‍ രാജ്യ വ്യാപകമായി നടത്തിയ റെയ്ഡില്‍ ആയിരത്തിലധികം പേരെ തുര്‍ക്കി പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. രാജ്യവ്യാപക റെയ്ഡില്‍ 8,500 പൊലീസുകാരാണ് പങ്കെടുത്തത്. 72 പ്രവിശ്യകളില്‍ നിന്നായി 1009 പേരെ കസ്റ്റഡിയില്‍ എടുത്തതായി തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്ലു പറഞ്ഞു. ഹിതപരിശോധനയില്‍ വിജയിച്ചതോടെ ഉര്ദുഗാന് ഏകാധിപത്യ പ്രവണതകള്‍ക്ക് ശക്തികൂട്ടിയതായി വിമര്‍ശനം ഉയരുന്നതിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല