സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു, താഴ്വരയില് സമൂഹ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും വിലക്ക് ശക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 19 മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താഴ്വരയില് നിരോധിച്ചിരുന്നു.
ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഇക്കാര്യം അറിയിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 300 ലധികം വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും അവസാനിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക്, അല്ലെങ്കില്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പാക്കിസ്താനില്‍ നിന്നും എത്തുന്ന യുവാക്കള്‍ കാശ്മീരിലെ യുവാക്കളില്‍ തീവ്രവാദവും ഇന്ത്യന്‍ സൈന്യത്തിനെതിരായ വികാരവും കുത്തിനിറക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. പാക്കിസ്താന് അനുകൂല നിലപാടുകളുകളിലേക്ക് യുവാക്കളെ എത്തിക്കാനും ഇന്ത്യന്‍ സൈന്യത്തിനെതിരായ വികാരം വളര്‍ത്താനുമാണ് ഇത്തരക്കാരെ പാക്കിസ്താനില്‍ നിന്നും കടത്തി വിടുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ 40 മുതല്‍ 50 വരെ തീവ്രവാദികള്‍ വരെ ജമ്മുകശ്മീരില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുവാക്കള്‍ക്ക് പുറമേ സ്ത്രീകളെയും ഇതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാനും സുരക്ഷാ സേനകള്‍ക്ക് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല