സ്വന്തം ലേഖകന്‍: രണ്ട് വയസില്‍ ദിവസം നാല്പതു സിഗരറ്റ് വലിച്ചിരുന്ന ഇന്തോനേഷ്യന്‍ പയ്യന്റെ ഇപ്പോഴത്തെ അവസ്ഥ. അല്‍ദി റിസാലില്‍ എന്ന ഇന്തോനേഷ്യക്കാരനാണ് രണ്ടു വയസുള്ളപ്പോള്‍ തന്റെ സിഗരറ്റു വലി കാരണം ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. സിഗരറ്റ് വാങ്ങിക്കൊടുത്തില്ലെങ്കില്‍ ബഹളം വക്കുന്ന റിസാലിന്റെ ചിത്രങ്ങള്‍ ലോകം മുഴുവന്‍ പ്രചരിക്കുകയും ചെയ്തു.
പുകവലി കുറയ്ക്കുന്നതിന് വേണ്ടി ഇന്തോനേഷ്യന്‍ ഗവണ്മെന്റ് ഇടപെട്ട് അല്‍ദിയെ പുനരധിവാസ കേന്ദ്രത്തിലാക്കി എന്നുള്ളതായിരുന്നു പിന്നീടുവന്ന വാര്‍ത്ത. ഇവിടെവെച്ച് അല്‍ദി പുകവലി നിര്‍ത്തി. എന്നാല്‍ ഭക്ഷണത്തോടുള്ള അമിത താല്പര്യം അവന്റെ ഭാരം കൂടാനിടയാക്കി. തടിച്ചുരുണ്ട, അല്ദിയുടേതെന്ന് പറയുന്ന ചില ചിത്രങ്ങളും പുറത്തുവന്നു. വാര്‍ത്തകളിലെ താരമായി മാറിയ അല്‍ദിക്ക് ഇപ്പോള്‍ പ്രായം ഒന്‍പതായി.
ഭാരം കൂടി തടിച്ചിരുന്ന അവനാണ് ഇവനെന്ന് ആരും പറയില്ല. പുകവലി ശീലം ഉപേക്ഷിച്ചു എന്നുമാത്രമല്ല, സ്കൂളില്‍ പോകുന്നുമുണ്ട്. പുകവലിച്ചു രസിക്കുന്ന തന്റെ പഴയ ചിത്രം കാണുമ്പോള്‍ അല്‍ദിക്ക് തന്നെ ഇപ്പോള്‍ അദ്ഭുതമാണ്. തനിക്ക് അങ്ങനെയൊരു ഭൂതകാലം ഉണ്ടായിരുന്നുവെന്ന് പോലും വിശ്വസിക്കാന്‍ വയ്യ. കൂട്ടുകാര്‍ക്കൊപ്പമുള്ള സ്കൂള്‍ ജീവിതം വളരെ ആസ്വദിച്ച് കഴിയുകയാണ് റിസാല്‍.
മകന്റെ പുകവലി ശീലം അല്‍ദിയുടെ മാതാപിതാക്കളെ ഏറെ വേദനിപ്പിച്ചിരുന്നെങ്കിലും പഴയതെല്ലാം അവര്‍ ഇപ്പോള്‍ മറന്നു തുടങ്ങിയിരിക്കുന്നു. അഞ്ച് വയസ് പ്രായത്തില്‍ 24 കിലോയായിരുന്നു അല്‍ദിയുടെ ഭാരം. ആ പ്രായത്തിലുള്ള കുട്ടികളുടേതിനേക്കാള്‍ ആറ് കിലോ ഭാരം അല്‍ദിക്ക് കൂടുതലായിരുന്നു. സിഗരറ്റ് വലിക്കുന്നതിനൊപ്പം കൊഴുപ്പു നിറഞ്ഞ ഭക്ഷണവും ദിവസവും മൂന്ന് പാത്രം പാലുമായിരുന്നു റിസാലിന്റെ ഭക്ഷണം.
മകന്റെ സിഗരറ്റ് വലിയും ഭക്ഷണപ്രിയവും അവന്റെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്ന് കണ്ടതോടെ അല്‍ദിയെ മാതാപിതാക്കള്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഭക്ഷണകാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശമാണ് ഡോക്ടര്‍ നല്‍കിയത്. ടര്‍ന്നുള്ള നാല് വര്‍ഷങ്ങള്‍ അല്‍ദിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലായിരുന്നു മാതാപിതാക്കള്‍.
മാംസാഹാരങ്ങള്‍ നല്‍കാതെ പച്ചക്കറിയും പഴവര്‍ഗങ്ങളും നല്കി, ഇത് തുടര്‍ന്നതോടെ അവന്റെ ഭാരം കുറഞ്ഞു. നാലാം ക്ലാസിലേക്ക് ജയിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് അല്‍ദി ഇപ്പോള്‍ പറയുന്നത്. മകന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സന്തുഷ്ടരാണെങ്കിലും പുകവലിക്കാരനായ പഴയ റിസാലിന്റെ ചിത്രങ്ങളും വാര്‍ത്തയും കാണുന്നത് പരമാവധി ഒഴിവാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് റിസാലിന്റെ മാതാപിതാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല