1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2017

സ്വന്തം ലേഖകന്‍: കുട്ടികളെ വില്‍പ്പനക്കായി യൂറോപ്പിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം മുംബൈയില്‍ പിടിയില്‍, അറസ്റ്റിലായവരില്‍ ബോളിവുഡിലെ കാമറാമാനും. കൗമാരകാരായ കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ മുംബൈയില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവര്‍ 100 ഓളം കൗമാരക്കാരെ പാരീസിലേക്ക് കടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രായപൂര്‍ത്തിയായവരാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇവര്‍ കുട്ടികള്‍ക്ക് ഫ്രഞ്ച് വീസയ്ക്ക് അപേക്ഷിച്ചിരുന്നത്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും മാതാപിതാക്കളോട് വാഗ്ദാനം ചെയ്താണ് ഇവര്‍ കുട്ടികളെ കൊണ്ടുപോയിരുന്നത്. കുട്ടികളെല്ലാം പഞ്ചാബ് സ്വദേശികളാണ്. കല്യാണ്‍ സ്വദേശി സുനില്‍ നന്ദവാനി (53), നലസോപാര സ്വദേശി നര്‍സയ്യ മുഞ്ചലി (45) എന്നിവരാണ് പിടിയിലായത്.

കാമറമാന്‍ അലി ഫാറൂഖി (38), അസിസ്റ്റന്റ് കാമറാമാന്‍ രാജേഷ് പവാര്‍ (47), ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഫത്തേമ ഫരീദ് (48) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇവര്‍ കടത്താന്‍ ശ്രമിച്ച നാലു കുട്ടികളെ ചില്‍ഡ്രണ്‍സ് ഹോമിലേക്ക് മാറ്റി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് നൂറോളം കുട്ടികളെ കടത്തിയതായി വ്യക്തമായത്.

സന്ദിവാനി അടുത്തകാലത്ത് ആറു കുട്ടികളെ പാരീസിലേക്ക് കടത്തിയിരുന്നു. മൂഞ്ചാലി രണ്ടു കുട്ടികളെ കടത്താന്‍ ശ്രമിച്ചുവെങ്കിലും ഫ്രഞ്ച് വീസ ലഭിച്ചിരുന്നില്ല. 14നും 16നും മധ്യേ പ്രായമുള്ളവരെയാണ് കടത്തിയിരുന്നത്. ഇവര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായി എന്നു കാണിച്ചായിരുന്നു ഫ്രഞ്ച് പൗരത്വത്തിന് അപേക്ഷിച്ചിരുന്നത്. പഞ്ചാബിലെ ഹോഷിയപൂര്‍, കപൂര്‍ത്തല സ്വദേശികളായ കുട്ടികളെയാണ് പാരീസിലേക്ക് കടത്തിയത്.

ഇതിനായി മാതാപിതാക്കളില്‍ നിന്ന് കനത്ത തുക ഇവര്‍ ഈടാക്കിയതായും പോലീസ് കണ്ടെത്തി. കുട്ടികള്‍ എല്ലാം തന്നെ ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കുട്ടികളില്‍ ചിലരെ ഗുരുദ്വാരകളിലാണ് പാര്‍പ്പിച്ചിരുന്നത്. ഇവരുടെ പാസ്‌പോര്‍ട്ട് ഏജന്റുമാര്‍ നശിപ്പിച്ചു കളഞ്ഞിരുന്നു. ഇവര്‍ക്ക് പാരീസിലുള്ള കുട്ടിക്കടത്തുകാരുമായും ബന്ധമുണ്ടെന്ന് മുംബൈ പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.