സ്വന്തം ലേഖകന്‍: ഉഗ്രവിഷമായ രാസായുധവും 50 ലക്ഷം അണുബോംബുകളും കൈവശമുണ്ടെന്ന് ഉത്തര കൊറിയ, ആയുധങ്ങളെല്ലാം കിം ജോംഗ് ഉന്നിന്റെ വെറും കളിപ്പാട്ടങ്ങളെന്ന് ആരോപണം. പ്രകോപിപ്പിച്ചാല്‍ അമേരിക്കയെയും ദക്ഷിണ കൊറിയയയെയും ഇല്ലാത്താക്കുമെന്നും തങ്ങളുടെ കൈവശം 50 ലക്ഷം അണുബോംബുകള്‍ ഉണ്ടെന്നും ഈ ഭൂമി തന്നെ പകുതി ഇല്ലാതാകുമെന്നുമാണ് ഉത്തര കൊറിയന്‍ ഏകാധിപതിയുടെ റിപ്പബ്ളിക്ക് യൂത്ത് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്.
ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരന് കിം ജോംഗ് നാമിന്റെ വധിക്കാന്‍ ഉപയോഗിച്ച വിഎക്സ് എന്ന ഉഗ്രവിഷം തങ്ങളുടെ ലാബില്‍ തന്നെ പരീക്ഷിച്ചതാണെന്നും ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. മരുന്ന് അനേകം മൃഗങ്ങളില്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്നും പരീക്ഷണത്തിന്റെ ഭാഗമായി അനേകം ഗിനിപ്പന്നികളെ കൊന്നതായും ഉത്തര കൊറിയ വ്യക്തമാക്കി. ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മാരകമായ രാസായുധമാണ് വിഎക്സ് എന്നാണ് യുഎന്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം സൈനിക പരേഡുകളില്‍ ഉത്തര കൊറിയ പ്രദര്‍ശിപ്പിച്ച ആയുധങ്ങള്‍ വ്യാജമാണെന്ന് അമേരിക്കയുടെ മുന്‍ മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ആരോപിച്ചു. പരേഡില്‍ പ്രദര്‍ശിപ്പിച്ച ആയുധങ്ങളില്‍ ഭൂരിഭാഗവും ഡമ്മിയാണെന്നും മൈക്കല്‍ പ്രെഗ്നന്റ് എന്ന മുന്‍ ഉദ്യോഗസ്ഥന് പറഞ്ഞു. പട്ടാളക്കാര്‍ ധരിച്ച സണ്‍ഗ്ലാസ് പോലും സൈനികര്‍ ധരിക്കുന്ന തരത്തിലുള്ളവയല്ലെന്നും ഇദ്ദേഹം വാദിക്കുന്നു. ഇത് മനസിലാക്കാന്‍ പരേഡിന്റെ ചിത്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച റോക്കറ്റുകളും ടോര്‍പ്പിഡോകളും മറ്റുമായി ഉത്തര കൊറിയന്‍ സൈന്യം വന്‍ സൈനികാഭ്യാസം നടത്തിയിരുന്നു. കിഴക്കന്‍ തീരദേശ നഗരമായ വോണ്‍സാനില്‍ നൂറു കണക്കിന് ടാങ്കുകളും മറ്റുമായി വെടിക്കെട്ടും നടത്തി. അന്തര്‍വാഹിനി ഉള്‍പ്പെടെ 300 ലധികം കൂറ്റന്‍ ആയുധങ്ങളാണ് വെടിവെയ്പ്പ് നടത്തിയത്. സൈനികാഭ്യാസം തുടങ്ങുന്നതിന് മുമ്പ് ഏകാധിപതി കിംഗ് സൈന്യത്തിന്റെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല