സ്വന്തം ലേഖകന്‍: കശ്മീര്‍ സംഘര്‍ഷം, വിഘടനവാദികളുമായി ചര്‍ച്ചക്കില്ലെന്ന ഉറച്ച നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പെല്ലെറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ ജമ്മു കശ്മീരിലെ ബാര്‍ അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന വിഘടനവാദികളുമായി പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
ഹുറിയത്ത് നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു ബാര്‍ അസോസിയേഷന്റ് ആവശ്യം. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ നിയമപരമായി അനുവാദമുള്ള ആളുകളുമായി മാത്രമേ ചര്‍ച്ച നടത്താന്‍ തയ്യാറുള്ളുവെന്നാണ് ഇതിന് മറുപടിയായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. കേന്ദ്രസര്‍ക്കാറുമായി സംസാരിക്കാന്‍ പറ്റിയ ആളുകളുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ കോടതി ബാര്‍ അസോസിയേഷനോട് നിര്‍ദ്ദേശിച്ചു.
ചര്‍ച്ചയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ ഇതിന് തയ്യാറാണെങ്കില്‍ മാത്രമേ കേന്ദ്രത്തോട് ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിക്കൂവെന്നും കോടതി വ്യക്തമാക്കി. കല്ലേറ് അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറാവുകയാണെങ്കില്‍ സായുധ സേനയോടും സംസ്ഥാന പൊലീസിനോടും പെല്ലെറ്റ് തോക്കുകളുടെഉപയോഗം നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
ഹിസ്ബുള്‍ മുജാഹിദിന് നേതാവ് ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തിലായിരുന്നു കശ്മീരില്‍ പെല്ലറ്റുകള്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. താഴ്വരയില് സമാധാനം പുനഃസ്ഥാപിക്കുന്നതിന് കൃത്യമായൊരു പദ്ധതിക്കും മാര്‍ഗരേഖയ്ക്കും രൂപം നല്കാന് കോടതി ഇരുകക്ഷികളോടും നിര്‍ദേശിച്ചു. കശ്മീരിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നു നിരീക്ഷിച്ച കോടതി കേസ് വീണ്ടും മെയ് ഒമ്പതിന് പരിഗണിക്കാനായി മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല