സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസില്‍ വീണ്ടും തിരിച്ചടി, തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി, നീതി കിട്ടുമെന്ന പ്രതീക്ഷ വെറുതെയായെന്ന് സൗമ്യയുടെ അമ്മ. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. സൗമ്യക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള ഏക വഴിയായിരുന്നു തിരുത്തല്‍ ഹര്‍ജി. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതി ഗണേശും നല്കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
നീതി കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. ഗോവിന്ദച്ചാമിയുടെ ചെയ്തികള്‍ മൂലമാണ് മകള്‍ മരിച്ചത്. പ്രതിക്ക് കീഴ്കോടതി വധശിക്ഷ നല്‍കിയെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കുകയായിരുന്നു. തിരുത്തല്‍ ഹരജി തള്ളിയതിലും ദുഃഖമുണ്ടെന്ന് സുമതി പറഞ്ഞു. 2011 ഫെബ്രുവരി ഒന്നിന് രാത്രി ഒമ്പതരയോടെയാണ് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ ഗുരുതരമായ പരിക്കുകളോടെ സൗമ്യയെ കണ്ടെത്തിയത്.
എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചര്‍ കടന്നുപോയതിന് ശേഷം ട്രാക്കില്‍നിന്ന് തുടര്‍ച്ചയായ ഞരക്കം കേട്ട് ടോര്‍ച്ചുമായി ചെന്ന സമീപത്തെ വീട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സൗമ്യയെ ആദ്യം കണ്ടത്. ഇരുള് മൂടിക്കിടക്കുന്ന പ്രദേശമായിരുന്നു അത്. പരിസരവാസികളും നാട്ടുകാരും ചേര്‍ന്ന് ഉടനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൊര്‍ണൂര്‍ സ്വദേശിനിയാണെന്ന വിവരം മാത്രമേ എല്ലാവര്ക്കും ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് കേരളത്തെ കണ്ണീരിലാഴ്ത്തി ഫെബ്രുവരി ആറിന് സൗമ്യ മരണത്തിന് കീഴ്ടടങ്ങി.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം തുറന്ന കോടതിയിലാണ് കേസിന്റെ വാദം നടന്നത്. സൗമ്യയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ബലാത്സംഗം നടത്തിയതിനുള്ള ശിക്ഷ മാത്രമാണ് ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. 397 ആം വകുപ്പ് പ്രകാരം മോഷണത്തിനിടെ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു, 447 ആം വകുപ്പ് പ്രകാരം അതിക്രമം തുടങ്ങിയ കേസുകളില്‍ വളരെ കുറഞ്ഞ ശിക്ഷ മാത്രമാണ് ഗോവിന്ദച്ചാമിക്ക് വിധിച്ചിരിക്കുന്നത്. വിധി പുനപരിശോധനാ ഹര്‍ജിക്ക് പിന്നാലെ തിരുത്തല്‍ ഹര്‍ജിയും തള്ളിയതോടെ സൗമ്യകേസിലെ നിയമപോരാട്ടം അവസാനിച്ച നിലയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല