കവന്‍ട്രി: യുകെ യിലെ ഹൈന്ദവരായ മലയാളികള്‍ക്കിടയില്‍ സമൂഹ ശ്രീകൃഷ്ണ അഷ്ട്ടോത്തര അര്‍ച്ചന സംഘടിപ്പിച്ചു കവന്‍ട്രി ഹിന്ദു സമാജം ശ്രദ്ധ നേടി . വിഷുദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിലാണ് അര്‍ച്ചന സംഘടിപ്പിച്ചത് . ഈശ്വര ചൈതന്യം നിറഞ്ഞ മന്ത്രോച്ചാരണങ്ങള്‍ ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നപ്പോള്‍ ആഘോഷ പരിപാടികള്‍ക്ക് എത്തിയവര്‍ക്ക് നൂറു ജന്മ പുണ്യ സാഫല്യമായി അര്‍ച്ചന.
വേദ മന്ത്രങ്ങള്‍ വിദ്യയിലൂടെ ആര്‍ക്കും സ്വായത്തം ആക്കാവുന്നതാണെന്നും മന്ത്ര ഉച്ചാരണം ഭക്തി പുരസ്സരം നിര്‍വഹിക്കുമ്പോള്‍ ഈശ്വര ചൈതന്യം നിറയുമെന്നു പുത്തന്‍ തലമുറയെ കൂടി മനസ്സിലാക്കിക്കുകയായിരുന്നു ഉദ്ദേശമെന്ന് അര്‍ച്ചനയ്ക്ക് നെത്ര്വതം നല്കിയ അജികുമാര്‍ വെക്തമായി . അര്‍ച്ചന നടത്തും മുന്‍പ് എന്തിനു വേണ്ടിയാണു പ്രാര്‍ത്ഥന എന്നും സോദാഹരണം അജികുമാര്‍ വിശദമാക്കി.
ഹൈന്ദവ വിശ്വാസത്തില്‍ വക്തിപരമായ ആവശ്യങ്ങള്‍ അല്ല യഥാര്‍ത്ഥ പ്രാര്‍ഥനയെന്നും ലോകത്തിനു മുഴുവന്‍ സുഖം അര്‍ത്ഥിച്ചു ഈശ്വര പ്രീതി തേടലാണ് യഥാര്‍ത്ഥ പ്രാര്‍ഥനയെന്നും അദ്ദേഹം വിശദമാക്കി . കുട്ടികളും സ്ത്രീകളും ചേര്‍ന്നാണ് കൃഷ്ണ ശതനാമാവലി പൂര്‍ത്തിയാക്കിയത്. കവന്‍ട്രി ഹിന്ദു സമാജം നടത്തിയ രണ്ടാം വിഷു ആഘോഷ പരിപാടിയില്‍ അറുപതിലേറെ പേരുടെ സാന്നിധ്യം ശ്രദ്ധയമായി മാറി. ഇരുപതോളം പേര് അവധിക്കാല യാത്രയില്‍ ആയിട്ടും കൂടുതല്‍ പേരുടെ സാന്നിധ്യം സംഘാടകര്‍ക്ക് ആവേശമായി.
വിഷു ആഘോഷത്തിന്റെ ഭാഗമായി ചക്കയും മാങ്ങയും പൈനാപ്പിളും വാഴച്ചുണ്ടും ഒക്കെയായി കേരളത്തിലെ കാണിക്കാഴ്ചകള്‍ തന്നെ ബ്രിട്ടനിലും ഒരുക്കാന്‍ കവന്‍ട്രി ഹിന്ദു സമാജത്തിനു കഴിഞ്ഞു . വിഷു ആഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും കണി കണ്ടു കൈനീട്ടം വാങ്ങിയാണ് മനസ്സില്‍ ആഹ്ലാദ പൂത്തിരി കത്തിച്ചത് . സമാജം കോ ഓഡിനേറ്റര്‍ കൂടിയായ അനില്‍കുമാര്‍ മുഴുവന്‍ പേര്‍ക്കും കൈനീട്ടം നല്കി വിഷു മംഗളങ്ങള്‍ നേര്‍ന്നു.
മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് നിരവധി കലാപരിപാടികളും സംഘടിപ്പിച്ചാണ് ആഘോഷം സമൃദമാക്കിയത്. ബിര്മിന്ഹാമില് നിന്നെത്തിയ അനില്‍കുമാറും കുടുംബവും സംഗീത വഴികളിലൂടെ കാണികളെ നടത്തിയപ്പോള്‍ രേഷ്മിയും സ്മിതയും ചേര്‍ന്ന നാല്‍വര്‍ സംഘം സിനിമാറ്റിക് ഡാന്‍സിന്റെ വശ്യ ചാരുത സമ്മാനിച്ചു. പ്രാര്‍ത്ഥന സുഭാഷ് , ഋഷികേഷ് അനില്‍കുമാര്‍ , ആകാശ് അനില്‍ തുടങ്ങി നിരവധി കുട്ടികള്‍ പാട്ടും കവിതയുമായി വേദിയില്‍ എത്തി.
അഞ്ജന സജിത്തും അമൃത അജിയും നെത്ര്വതം നല്കിയ ലഘു നാടകം മുഴുവന്‍ കുട്ടികളും ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത് . പൗരാണിക കാലഘട്ടവും ആധുനിക കാലഘട്ടവും മനുഷ്യ മനസിനെ ഏതു വിധത്തിലാണ് സ്വാധീനിക്കുന്നത് എന്ന് വക്തമാക്കുന്നതായിരുന്നു ലഘു നാടകത്തിന്റെ പ്രമേയം . നാടകം അടക്കമുള്ള മുഴുവന്‍ പരിപാടികള്‍ക്കും സൂത്രധാരകത്വം നിര്‍വഹിച്ചു അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തിയത് സ്മിത അജികുമാറും സംഘവുമാണ്.
സമാജം അംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ നാടന്‍ വിഷു സദ്യയാണ് പരിപാടികളില്‍ ഏറ്റവും മികച്ചു നിന്നതു. സ്വാദിലും ഗുണത്തിലും നാടന്‍ ഇനങ്ങള്‍ മറ്റൊന്നിനു മുന്നിലും തോല്ക്കാന് പകരമാവില്ല എന്ന് തെളിയിച്ചു നാട്ടു മാമ്പഴ പുളിശ്ശേരി, ചക്ക എരിശ്ശേരി, മുരിങ്ങയില തോരന്‍, തുടങ്ങിയ പലവിധ വിഷു വിഭവങ്ങള്‍ ഇലയില്‍ എത്തിയപ്പോള്‍ എന്നോ നാട്ടില്‍ വച്ച് നാവില്‍ എത്തിയ രുചി മുകളങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ പറ്റിയ സൗഭാഗ്യമാണ് ആഘോഷത്തിന് എത്തിയവര്‍ക്ക് ലഭ്യമായത്.
ഇത്തരം ഒരു സദ്യ വീണ്ടും യുകെ യുടെ മണ്ണില്‍ കഴിക്കാന്‍ ഭാഗ്യം ലഭിക്കും എന്ന് സ്വപ്നേപി കരുതിയതല്ലെന്നും സദ്യ ഉണ്ടാവര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നാടന്‍ കറിക്കൂട്ടുകള്‍ ഒരുക്കാന്‍ ചുമതലയേറ്റ രശ്മിക്കും സംഘത്തിനും ഏറെ സന്തോഷം . വിഷുക്കണി തയ്യാറാക്കാന്‍ രാജീവും ഗോകുല്‍ ദിനേശും മുന്നില്‍ നിന്നപ്പോള്‍ പരാതികള്‍ ഒന്നും ഇല്ലാത്ത മറ്റൊരു വിഷു ആഘോഷമാണ് കണിക്കൊന്ന പൂത്ത പോലെ പൂത്തുലഞ്ഞത്.
കവന്‍ട്രി ഹിന്ദു സമാജത്തിന്റെ മാസം തോറുമുള്ള ഭജനയ്ക്ക് അടുത്ത മാസം ഏഴാം തിയതി കവന്‍ട്രി വേദിയാകും. ലണ്ടനില്‍ അനാഥമായി മരിച്ച നിലയില്‍ കണ്ടെത്തിയ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം സ്വരൂപിച്ച ധനസഹായം ആള് യുകെ ഹിന്ദു വെല്‍ഫെയര്‍ സൊസൈറ്റിക്ക് കൈമാറിയതായി ധനശേഖരണത്തിനു നെത്ര്വതം നല്കിയ കെ ദിനേശ് അറിയിച്ചു.
മെയ് മാസത്തില്‍ നടക്കുന്ന ഭജന്‍ സത്സംഗത്തില്‍ ഓണാഘോഷ പരിപാടികളുടെ ചര്‍ച്ച കൂടി സംഘടിപ്പിച്ചിരിക്കുന്നതിനാല്‍ മൂന്നു മണി മുതല്‍ അംഗങ്ങള്‍ എത്തിച്ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വേദിയുടെ വിലാസം: 5, wedgewood close, cv2 2xl
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല